robot

തിരുവനന്തപുരം: കിടപ്പുരോഗികൾക്കും സംസാരശേഷി ഇല്ലാത്തവർക്കും കണ്ണനക്കി ആശയവിനിമയം നടത്താൻ എ.ഐ റോബോട്ട്. ക്യാമറയും സ്ക്രീനും ചേർന്ന സംവിധാനമാണ്. ഓരോ വാക്കിനുമുള്ള കണ്ണിന്റെ കോഡ് സ്ക്രീനിലുണ്ട്. ഇത് മനസ്സിലാക്കി കണ്ണ് ചലിപ്പിച്ചാൽ മതി. കൊല്ലം അമൃത യൂണിവേഴ്സിറ്റിയിലെ 20 ഗവേഷകരാണ് നിർമ്മിച്ചത്. രോഗികളുടെ കിടയ്ക്കക്ക് മുന്നിൽ റോബോയെ വയ്ക്കും. ക്യാമറ കൺ ചലനങ്ങൾ പിടിച്ചെടുത്ത് വാക്കുകളാക്കി സ്ക്രീനിൽ കാണിക്കും. ഇതുവഴി പരിചാരകരുമായുള്ള ആശയവിനിമയം സാദ്ധ്യമാകും.

റോബോട്ടിലെ സ്പീക്കറിലൂടെ വാക്കുകൾ ശബ്ദമായും കേൾപ്പിക്കും. അടിയന്തരഘട്ടങ്ങളിൽ സ്വിച്ച് അമർത്തിയാൽ അടുത്തമുറിയിലുള്ള ആളിന് ബസർ ശബ്ദം കേൾക്കാം. മുകളിലോട്ട് കണ്ണനക്കിയാൽ യെസ്. താഴോട്ട് നോ. ഇടത്തോട്ടെങ്കിൽ ഇരിക്കണം. വലത്തോട്ടാണെങ്കിൽ കിടക്കണം. മുകളിലോട്ടും താഴോട്ടും കണ്ണനക്കിയാൽ ഭക്ഷണം വേണം എന്നാണ്. കോ‌ഡുകൾ ഇഷ്ടമുള്ള രീതിയിൽ സെറ്റിംഗ്സിൽ മാറ്റാം. അക്ഷരങ്ങൾക്കും കോഡുകളുണ്ട്. അക്ഷരങ്ങൾ വച്ച് വാക്യങ്ങൾ ഉണ്ടാക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ആശയവിനിമയം സാധിക്കും.

അമൃത യൂണിവേഴ്സിറ്റിയുടെ ടി2 എച്ച് ഇന്നൊവേഷൻസ് സ്റ്റാർട്ടപ്പും നിർമ്മാണത്തിൽ പങ്കാളിയായി. എയിംസ് കൊച്ചിയിൽ നിലവിൽ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ സ്ക്രീനിലും ഇത് ഉപയോഗിക്കാൻ ആപ്പ് ഉടൻ പുറത്തിറക്കും. രണ്ടരലക്ഷമാണ് റോബോട്ടിന്റെ വില.

അമ്മയുടെ ആശയം

മാതാ അമൃതാനന്ദമയിയാണ് റോബോട്ടിന്റെ ആശയം നൽകിയതെന്ന് മാർക്കറ്റിംഗ് അനലിസ്റ്റ് ഗുരുശരൺ പറഞ്ഞു. സംസാരശേഷി ഇല്ലാത്തവർക്ക് അക്കൗണ്ട് നമ്പർ പോലുള്ള വിവരങ്ങൾ ബാങ്കിലും മറ്റും പറഞ്ഞുകൊടുക്കാൻ ഒരു സംവിധാനമുണ്ടാക്കാൻ അമ്മ നിർദ്ദേശിക്കുകയായിരുന്നു. വാക്യങ്ങൾക്കൊപ്പം ചിത്രങ്ങൾ നൽകുന്ന സംവിധാനവും ഉടൻ പുറത്തിറക്കും.