പള്ളിക്കൽ: തൊഴിൽ ദൗർലഭ്യത്താൽ വലഞ്ഞ് ടാക്സി തൊഴിലാളികൾ. ഗ്രാമങ്ങളിൽ പ്രധാന കവലകളിലെ ടാക്സി സ്റ്റാൻഡുകളിൽ നിരനിരയായുണ്ടായിരുന്ന ടാക്സികളിന്ന് വിരലിലെണ്ണാവുന്നത്രയുമായി ചുരുങ്ങി. കാർടാക്സി തൊഴിലാളികൾ പലപ്പോഴും ഒരോട്ടത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. മുൻകാലങ്ങളിൽ വിമാനത്താവളത്തിലേക്കും വിവാഹാവശ്യങ്ങൾക്കും ശബരിമല തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കും സവാരി കിട്ടുമായിരുന്നെങ്കിൽ ഇന്ന് പലരും ഊബർ ആപ്പുകൾ പോലുള്ള സർവീസുകൾ തിരഞ്ഞെടുക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ടാക്സി കാറുകൾ ഓടിക്കാനും ആരും തയ്യാറാവുന്നില്ല. വാർഷികാടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ടാക്സ് ഇനത്തിൽ ഭീമമായ തുകയാണ് ടാക്സിക്ക് ഒടുക്കേണ്ടത്. ആർ.ടി.ഒ ടെസ്റ്റിന് മുൻപുള്ള ജി.പി.എസ് സിസ്റ്റം ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച് ചെലവാകുന്നത് മുതൽ വർക്ക്ഷോപ്പുകളിലേതുൾപ്പെടെ വൻതുകയാണ് ഓരോ വർഷവും ബാദ്ധ്യതയായി വരുന്നത്. ഓട്ടം കിട്ടാത്തതിനാൽ ഇതൊക്കെ ബാദ്ധ്യതയായിത്തന്നെ നിലനിൽക്കുന്നതായി ഡ്രൈവർമാർ പറയുന്നു. മിക്കവരും സ്വന്തം വാഹനങ്ങൾ വാടകയ്ക്കും അനുമതിയില്ലാത്ത സ്വകാര്യ വാഹനങ്ങൾ കള്ളടാക്സിയായി യഥേഷ്ടം നിരത്തുകളിൽ ഓടിക്കുന്നതും ടാക്സി തൊഴിലാളികളെ സാരമായി ബാധിക്കുന്നു. ഓട്ടോറിക്ഷയുടെ വരവോടെ ടാക്സി കാറുകളുടെ ഓട്ടം ഗണ്യമായി കുറഞ്ഞെന്നുതന്നെ പറയാം. ഭീമമായ ടാക്സും ഇൻഷ്വറൻസ് തുകയുൾപ്പെടെയുള്ള വൻചെലവ് താങ്ങാവുന്നതിനും അപ്പുറമാണെന്ന് തൊഴിലാളികൾ പറയുന്നു.