
പാലോട്: തെങ്കാശി പാതയിൽ ചുള്ളിമാനൂർ മുതൽ മടത്തറ വരെയുള്ള പ്രധാന റോഡിലും നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ഇട റോഡുകളിലും യാതൊരു നിയന്ത്രണവുമില്ലാതെ പായുന്ന മീൻ ലോറികൾ കാരണം ഭീതിയോടെയാണ് യാത്രക്കാരുടെ സഞ്ചാരം. രാവിലെ 6ഓടെയാണ് ഇത്തരം വാഹനങ്ങൾ ഇറങ്ങുന്നത്. ഇതിൽ ഭൂരിഭാഗം വാഹനങ്ങൾക്കും യാതൊരു രേഖകളും ഇല്ലെന്നതാണ് വാസ്തവം. വർഷങ്ങളോളം ടെസ്റ്റ് മുടങ്ങിയതും, ഇൻഷ്വറൻസോ മറ്റ് രേഖകളോ മിക്കവാഹനങ്ങളിലും ഇല്ലാ. അമിതവേഗതയിൽ പായുന്ന വാഹനങ്ങളുടെ പിറകിലെ ഓസിൽ നിന്നും റോഡിലേക്കൊഴുക്കുന്ന മലിനജലം പരിസരമാകെ ദുർഗന്ധം പരത്തുകയാണ്. വാഹന പരിശോധനയില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
റോഡിന്റെ കിടപ്പും അപകടകാരണം
കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിനും മടത്തറക്കും ഇടയിൽ അപകടങ്ങൾക്കിടയാക്കുന്നുണ്ട്. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത തരത്തിലാണ് വളവുകൾ. ഡ്രൈവറുടെ ശ്രദ്ധ അല്പമൊന്ന് പാളിയാൽ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിയിടിക്കും. റോഡിന്റെ ഇരുവശവും പടർന്ന് പന്തലിച്ച് കിടക്കുന്ന കാടും അപകടകാരിയാണ്. നിരവധി അപകടങ്ങളാണ് മേഖലയിൽ ഉണ്ടാകുന്നത്. ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റി കയറ്റം താണ്ടുന്ന വാഹനത്തിൽ കൂട്ടിയിടിക്കും. ഇങ്ങനെ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്.
വാഹനങ്ങളുടെ മത്സരയോട്ടവും
വഞ്ചുവം,മഞ്ഞക്കോട്ടുമൂല, ഇളവട്ടം,താന്നിമൂട്, പ്ലാവറ, എക്സ് കോളനി എന്നിവിടങ്ങളിൽ അപകടമരണങ്ങൾ എറെയാണ്. റോഡിന്റെ ഗതിയറിയാവുന്നവർ വേഗത കുറച്ചെ വാഹനമോടിക്കൂ. എന്നാൽ
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൂ വീലറുകൾ അടക്കമുള്ള ചെറിയ വാഹങ്ങൾ ചാലിൽ തെന്നി വീഴും. ഇത്തരം ഭാഗങ്ങളിൽ ടാർ ചെയ്ത റോഡിന് അനുബന്ധമായി കോൺക്രീറ്റ് ചെയ്യുകയോ കല്ല് പാകുകയോ ചെയ്യണമെന്ന് കെ.എസ്.ടി.പി പൊതുമരാമത്ത് റോഡ് വിഭാഗത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ കെ.എസ്.ടി.പിയാണെന്ന പക്ഷമാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക്. പി.ഡബ്ലിയു.ഡി നെടുമങ്ങാട്,പാലോട് സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ് അപായമുനമ്പുകളായി മാറിയിട്ടുള്ളത്. അഞ്ച് വർഷം മുമ്പ് ഇരുപത് കോടി രൂപ ചെലവിട്ട് കെ.എസ്.ടി.പി നവീകരിച്ച റോഡിലാണ് അപകട പരമ്പര.
വഞ്ചുവം,താന്നിമൂട്,ഇളവട്ടം,നന്ദിയോട്,പാലോട് ഭാഗങ്ങളിലെ ചുമട്ടുതൊഴിലാളികളും റോഡരികിലെ താമസക്കാരും കച്ചവടക്കാരും രക്ഷാപ്രവർത്തകരുടെ റോളിലാണ്. നൂറുകണക്കിന് യാത്രക്കാരെ ഇതിനകം ഇന്നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.