p-prasad

യഥേഷ്ടം വെള്ളവും വളക്കൂറുള്ള മണ്ണും പ്രകൃതി കനിഞ്ഞു നൽകിയിട്ടും കാർഷികോത്പന്നങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് കേരളം. അന്യനാട്ടിൽ നിന്ന് 'വിഷത്തിൽ കുളിച്ചു വരുന്ന" പച്ചക്കറികൾ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ, സുരക്ഷിത പച്ചക്കറിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 'കൃഷിസമൃദ്ധി" എന്ന പദ്ധതിക്ക് ജനുവരിയിൽ കൃഷി വകുപ്പ് തുടക്കം കുറിക്കുകയാണ്. നൂതന പദ്ധതികളിലൂടെ കാർഷികരംഗത്ത് മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന കൃഷി മന്ത്രി പി. പ്രസാദ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.


? 'കൃഷിസമൃദ്ധി" പദ്ധതിയിൽ എന്തൊക്കെയാണ് നടപ്പാക്കുന്നത്.

 കാർഷിക അഭിവൃദ്ധി ലക്ഷ്യമിടുന്നവയാണ് 'കൃഷിസമൃദ്ധി"യും സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിയിൽ മാരകമായ തോതിൽ കീടനാശിനി പ്രയോഗമുള്ളതായും മാരക രോഗങ്ങൾക്ക് കാരണമാകുന്നതായുമുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പഴം, പച്ചക്കറി അടക്കം സാദ്ധ്യമായ എല്ലാ ഭക്ഷ്യ വിളകളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കൃഷിക്ക് പര്യാപ്തമായ മുഴുവൻ പ്രദേശവും കൃഷിയോഗ്യമാക്കുക, കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത കൃഷി പ്രോത്സാഹിപ്പിക്കുക, ഒരു വാർഡിൽ നിന്ന് അഞ്ച് പുതിയ കർഷകരെ വീതം കണ്ടെത്തി പ്രതിവർഷം ഒരുലക്ഷം കർഷകരെ സൃഷ്ടിക്കുക, ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക.... ഇതൊക്കെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക, പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ കൊടുത്ത്, തിരഞ്ഞെടുത്ത 107 തദ്ദേശ സ്ഥാപനങ്ങളിൽ കർമ്മപദ്ധതി നടപ്പാക്കും. രണ്ടാംഘട്ടത്തിൽ 500 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തിൽ സമിതികൾ രൂപീകരിക്കും. വരുന്ന ജനുവരി ഒന്നിന് പദ്ധതി ആരംഭിക്കും. അഞ്ചുവർഷംകൊണ്ട് പച്ചക്കറി ഉത്പാദനം നിലവിലുള്ള 17.2 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 25 ലക്ഷം ടണ്ണിലേക്ക് എത്തിക്കും.

? ലോകബാങ്ക് ധനസഹായത്തോടെയുള്ള 'കേര" പദ്ധതിയിൽ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ എന്തൊക്കെയാണ് നടപടികൾ.

 സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2365 കോടി രൂപയുടെ കേര" (കേരള ക്ലൈമറ്റ് റെസിലന്റ് അഗ്രി- വാല്യു ചെയിൻ) എന്ന പദ്ധതിക്ക് ലോക ബാങ്ക് അംഗീകാരം നൽകിട്ടുണ്ട്. 1655.85 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. അഞ്ചു വർഷങ്ങളിലായി പദ്ധതി നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താൻ കാർഷിക മേഖലയെ ഇത് സഹായിക്കും. ഏകദേശം നാലു ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും, പത്തുലക്ഷം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ ആധാരമാക്കി കാലാവസ്ഥാ അനുരോധ കൃഷി (Climate Resilient Agriculture) നടപ്പാക്കും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും രീതികളും വികസിപ്പിക്കുകയും,​ കാലാവസ്ഥയും കാലാവസ്ഥാ ഡാറ്റയും അടിസ്ഥാനമാക്കിയുള്ള വിള മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാർബൺ ബഹിർഗമനം കുറച്ച് നെല്ലിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ പദ്ധതി തുകയിൽ നിന്ന് 500 കോടി രൂപ ഉപയോഗിക്കും.

? 'നവോത്ഥാൻ" പദ്ധതിയിലേക്ക് തരിശുഭൂമി വിട്ടുനൽകുന്നതിൽ ഭൂവുടമകളുടെ ആശങ്ക എങ്ങനെ പരിഹരിക്കും.

 കൃഷിഭൂമിയുടെ തുണ്ടുവൽക്കരണമാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. ഉയരുന്ന ജനസാന്ദ്രതയും നഗരവൽക്കരണവും കൃഷിഭൂമിയുടെ അളവ് കുറയ്ക്കുകയാണ്. കൃഷിയിൽ താത്പര്യമുള്ളവർക്ക് കൃഷിഭൂമി ലഭ്യമാകാത്ത അവസ്ഥയുണ്ട്. തരിശിടുന്ന കൃഷിഭൂമി,​ ഭൂവുടമയും കർഷകനും തമ്മിൽ ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിൽ ദീർഘകാല കൃഷിക്ക് നൽകുന്നതാണ് 'നവോത്ഥാൻ" പദ്ധതി. ഒരു വർഷത്തിലധികം വേണ്ടിവരുന്ന വിളകൾക്കും,​ ദീർഘകാലത്തേക്ക് കൃഷിയിൽ ഏർപ്പെടാൻ താത്പര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന എസ്.എൽ.എ (സർവീസ് ലവൽ എഗ്രിമെന്റ് - പരസ്പരധാരണ)​ പ്രകാരം കൃഷിഭൂമി ഏറ്റെടുക്കാം.എസ്.എൽ.എ ഇന്ത്യൻ കോൺട്രാക്ട് ആക്ടിന്റെ പരിധിയിലുള്ളതാണ്. ഭൂമി വിട്ടുനൽകാൻ ഭൂവുടമകളോ ഏറ്റെടുക്കാൻ കർഷകരോ ഭയപ്പെടേണ്ടതില്ല.

കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് കൃഷിഭൂമി ലഭ്യമാക്കാൻ 'ക്രോപ്പ് കൾട്ടിവേറ്റേഴ്‌സ് കാർഡ്" എന്ന പദ്ധതിയും നിലവിൽവരും. ഭൂവുടമയുമായി 11 മാസക്കാലയളവിലുള്ള കരാറിൽ ഏർപ്പെട്ട് കർഷകന് കൃഷിഭൂമിയിൽ നിയമപരിരക്ഷയോടെ കൃഷി ചെയ്യാൻ ഇതിലൂടെ സാധിക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് നിയമമാക്കും.


? 'കാബ്കോ" തുടർനടപടികൾ എങ്ങനെ പോകുന്നു.

 കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കും സംസ്കരണത്തിനുമായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ദേശീയ അന്തർദേശീയ കയറ്റുമതി- വിപണന പ്രവർത്തനങ്ങളിൽ കേരളത്തിലെ കർഷകരെ പ്രാപ്തരാക്കുന്നതിനും സംവിധാനം വേണമെന്നതായിരുന്നു 'കാബ്കോ രൂപീകരണത്തിന് പ്രേരണ. കൃഷിക്കൂട്ടങ്ങളുടെ പങ്കാളിത്തത്തോടെ സംരംഭകരെയും കാർഷിക ഉത്പാദന സംഘടനകളെയും ലക്ഷ്യമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത് . 'കാബ്കോ"യുടെ ബിസിനസ് പ്ലാൻ തയ്യാറായിക്കഴിഞ്ഞു. നിർമ്മാണം പൂർത്തിയായ അഗ്രോ പാർക്കുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവർത്തനം.

'ഒരു കൃഷിഭവൻ,​ ഒരു ഉത്പന്നം" എന്ന നിർദ്ദേശം വന്നതോടെ രണ്ടായിരത്തിലധികം മൂല്യവർദ്ധിത ഉത്പന്നങ്ങൾ കേരളത്തിൽ സജ്ജമായി . ഇവയ്ക്ക് ഒരു പൊതു ബ്രാൻഡും ലഭ്യമാക്കി . 'കേരളഗ്രോ" ബ്രാൻഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് 14 ബ്രാൻഡ് ഷോപ്പുകൾ സജ്ജമായി വരുന്നു. കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങളുടെ ഗുണമേന്മ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിംഗിൽ കൊണ്ടുവരികയും,​ സംരംഭകരുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റുകളിൽ എത്തിക്കാൻ അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് കേരള അഗ്രോ ബിസിനസ് കമ്പനിയുടെ ചുമതല. കമ്പനിയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷൻ സെന്ററും ട്രേഡ് സെന്ററും തയ്യാറായി വരുന്നു.

? ഇസ്രായേലിൽ കർഷകർ സന്ദർശനം നടത്തിയിരുന്നല്ലോ. അതിന്റെ മാതൃക ഇവിടെ നടപ്പാക്കിത്തുടങ്ങിയോ.

 നവീന കാർഷിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കർഷകരെ ഇസ്രയേലിൽ അയച്ച് അവിടത്തെ കൃഷിരീതികൾ പരിചയപ്പെടുത്തിയിരുന്നു. ഈ കർഷകരെ 'വൈഗ" മേളയിൽ പങ്കെടുപ്പിക്കുകയും,​ പുതിയ കാർഷിക മുറകൾ സ്വായത്തമാക്കാൻ താത്പര്യമുള്ളവരുമായി പരിചയപ്പെടുത്തുകയും ചെയ്തു. ഇസ്രായേൽ സന്ദർശിച്ച കർഷകർ സ്വന്തം നിലയിൽ നൂതന കൃഷിയിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കൃഷിയിടങ്ങൾ പുതിയ കാർഷികവിദ്യകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് പരിശീലന കേന്ദ്രങ്ങളായി മാറിയിട്ടുമുണ്ട്.