shukkoor

തിരുവനന്തപുരം: തലച്ചോറിൽ അപൂർവ രോഗം ബാധിച്ച അഞ്ചംഗ കുടുംബം ഭക്ഷണത്തിനും ചികിത്സയ്ക്കും വകയില്ലാതെ ദുരിതമനുഭവിക്കുന്നു. ബീമാപള്ളി മാമൂട്ടുവിളാകം ടി.സി 45/ 341ൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൽ ഷുക്കൂർ (64), ഭാര്യ ഷഹബാനത്ത് (57), മക്കൾ അസീന (36), ഷിഹാബ് (32), ഐഷാമോൾ (21) എന്നിവരാണ് തലച്ചോർ ചുരുങ്ങുന്ന മൈൽഡ് ഡിഫ്യൂസ് സെറിബ്രൽ അറ്റോർഫി രോഗത്തിന് അടിമകളായി ജീവിതം തള്ളി നീക്കുന്നത്. ഈയിടെ ഐഷയുടെ മൂന്നു വയസുകാരി മകളും അസുഖബാധിതയാണെന്ന് അറിഞ്ഞതോടെ കുടുംബം ആകെ തകർന്നു.

കൊവിഡ് കാലത്ത് മൂത്ത മകൻ ഷെഫീഖ് (35) സമാന അസുഖം ബാധിച്ച് മരിച്ചതോടെ കുടുംബത്തിന്റെ താളം തെറ്റിത്തുടങ്ങി. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൽ ഷുക്കൂർ ആയിരുന്നു ഏകവരുമാന മാർഗം. അബ്ദുൽ ഷുക്കൂർ അപൂർവ രോഗത്തിനടിമപ്പെട്ട് ചികിത്സയിലിരിക്കെ അൽഷിമേഴ്സ് കൂടി കണ്ടെത്തിയതോടെ കുടുംബം പെരുവഴിയിലായി. ഇടയ്ക്ക് ഓട്ടോ അപകടത്തിൽ നട്ടെല്ലിനും പരിക്കേറ്രു. തുടർന്ന് ഓട്ടോയെടുക്കരുതെന്ന് ഡോക്ടർ വിലക്കി. എന്നാൽ പട്ടിണി കിടന്ന് വയ്യാതാകുമ്പോൾ ഓട്ടോയെടുക്കും. കുറച്ചുദൂരം ഓടിക്കുമ്പോൾ കണ്ണിൽ ഇരുട്ടുകയറും. ഭാര്യ ഷഹബാനത്ത് അസുഖം മൂർച്ഛിച്ച് കാഴ്ച ഏതാണ്ട് നഷ്ടപ്പെട്ട് കിടപ്പിലാണ്. മക്കളുടെ സ്ഥിതിയും ഇതുതന്നെ. അഞ്ചുപേർക്കും മരുന്നിനും ഭക്ഷണത്തിനും വീട്ടുവാടകയ്ക്കുമായി വലിയൊരു തുക ആവശ്യമാണ്. കുടുംബത്തിന് കൈത്താങ്ങകാൻ അബ്ദുൽ ഷുക്കൂറിന്റെ പേരിൽ പൂന്തുറ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67258592891, ഐ.എഫ്.എസ്.സി: SBIN0070422, ഗൂഗിൾ പേ നമ്പർ: 9895596028.

ഫോട്ടോ: അബ്ദുൽ ഷുക്കൂർ, മകൾ ഐഷാമോൾ എന്നിവർ കിടപ്പിലായ ഷഹബാനത്തിനരികെ