hi

പാങ്ങോട്: സ്വന്തമായി വസ്തുവുണ്ടെങ്കിലും പാങ്ങോട് പോസ്റ്റ് ഓഫീസ് ഇന്നും വാടകകെട്ടിടത്തിൽ. പാങ്ങോട് ജംഗ്ഷനിലായി സ്വന്തമായി പാങ്ങോട് പോസ്റ്റ് ഓഫീസിന് പത്ത്‌ സെന്റ് സ്ഥലമുണ്ട്. ഇവിടെ ഒരു പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് തന്നെ അഞ്ചലാപ്പീസായി പ്രവർത്തനമാരംഭിച്ചതാണ് പാങ്ങോട് പോസ്റ്റ് ഓഫീസ്. സർ സി.പിയുടെ കാലത്താണ് പോസ്റ്റ് ഓഫീസ്, മൃഗാശുപത്രി, പൊലീസ് സ്‌റ്റേഷൻ എന്നിവയ്ക്ക് അന്നുള്ള സമ്പന്ന കുടുംബം ഭൂമി സൗജന്യമായി നകിയത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ പോസ്റ്റൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെത്തി കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ മുടങ്ങുകയായിരുന്നു. പ്രതിമാസം ഏഴായിരം രൂപയ്ക്കാണ് പോസ്റ്റ് ഓഫീസ് കെട്ടിടം വാടകയ്ക്ക് പ്രവർത്തിക്കുന്നത്.

കാടുകയറി നശിക്കുന്നു

ഈ വസ്തുവിൽ കെട്ടിടം നിർമ്മിച്ചാൽ പോസ്റ്റ് ഓഫീസിന് പുറമെ ബാങ്കിംഗ് സൗകര്യങ്ങളും എ.ടി.എം മെഷീനും സ്ഥാപിക്കാനാകും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും തോട്ടം തൊഴിലാളികളും തിങ്ങി വസിക്കുന്ന പാങ്ങോട് പഞ്ചായത്തിൽ ഭൂരിഭാഗം പേരും പോസ്റ്റൽ സൗകര്യങ്ങളുപയോഗിക്കുന്നവരാണ്. നിലവിലെ ഭൂമി കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്.

മാലിന്യം നിക്ഷേപിക്കുന്നു

ജംഗ്ഷനിലെ മാലിന്യമുൾപ്പെടെ നിക്ഷേപിക്കുന്ന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കാൻ അധികൃതർ എത്രയും വേഗം തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.