hi

കിളിമാനൂർ: നെഹ്റു യുവകേന്ദ്ര തിരുവനന്തപുരവും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ വിജയിച്ച കിളിമാനൂർ ഗവ.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ നിള.ബി.അനിലും ശിവറാം.എസും ജനുവരി 26ന് ന്യൂഡൽഹിയിലെ റിപ്പബ്ലിക്ക്ദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.പരേഡുകൾ വീക്ഷിക്കുന്നതിനും രാഷ്ട്രപതി,ഉപരാഷ്ട്രപതി,പ്രധാനമന്ത്രി,പ്രതിരോധ മന്ത്രി എന്നിവരെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും അവസരമുണ്ടാകും. ന്യൂഡൽഹിയിൽ 5 ദിവസങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന പരമാവധി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും.അതിൽ ചെങ്കോട്ട,ദേശീയ മ്യൂസിയം,താജ്മഹൽ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അതിഥികളായെത്തുന്ന കുട്ടികൾ ജനവരി 22ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും. നഗരൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാറിന്റെയും കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ ബിന്ദുകുമാരിയുടെയും മകളാണ് പ്ലസ്ടു വിദ്യാർത്ഥിനിയായ നിള.ബി.അനിൽ.കിളിമാനൂർ ചാരുപാറ പൂമഴ വീട്ടിൽ പ്രൈവറ്റ് ഇൻഷ്വറൻസ് ജീവനക്കാരനായ ഷൈത്തിന്റെയും ഗവൺമെന്റ് എച്ച്.എസ് അദ്ധ്യാപികയായ പ്രിയ.പിയുടെയും മകനാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ ശിവറാം.എസ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ഡൽഹിയിലേക്ക് പോയിരുന്നു. ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപകനും ക്വിസ് മാസ്റ്ററുമായ രഞ്ജിത് വെള്ളല്ലൂരിന്റെ ചിട്ടയായ പരിശീലനമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കുട്ടികൾ പറയുന്നു.