തിരുവനന്തപുരം : ജന്മനാ അപൂർവ രോഗം. മൂന്നു മണിക്കൂറേ ജീവിക്കൂവെന്ന ഡോക്ടർമാരുടെ വിധിയെ അതീജീവിച്ച പെൺകുട്ടി. ജനിച്ച് 15-ാം ദിവസം ആദ്യ ശസ്ത്രക്രിയ. അരയ്‌ക്ക് താഴെ തളർന്നു. വൃക്കകൾ തകരാറിലായി. പത്തു വയസിനിടെ ഒൻപത് ശസ്ത്രക്രിയകൾ.
ഇപ്പോൾ പതിമ്മൂന്നാം വയസിൽ, കാലുകൾക്ക് ബലം കിട്ടാൻ മുട്ടു മുതൽ പാദം വരെയുള്ള 'കഫോ' ധരിച്ച് അവൾ നൃത്തം ചെയ്യുന്നു. ഇച്ഛാശക്തിയും മകൾക്ക് വേണ്ടി എല്ലാം സമർപ്പിച്ച മാതാപിതാക്കളുടെ തണലുമാണ് എസ്.പി. ദുർഗപ്രിയയെ നൃത്തവേദികളിൽ എത്തിച്ചത്. രണ്ടു സിനിമകളിലും അഭിനയിച്ചു.
പൂജപ്പുര എം.എം.എസ്.എസ് ഹിന്ദു മഹിളാമന്ദിരം സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദുർഗ.തിരുവനന്തപുരം വെള്ളറട കള്ളിമൂട് ഗിരിനിലയത്തിൽ പ്രസന്നകുമാറിന്റെയും ഷിജിയുടെയും രണ്ടാമത്തെ മകൾ. വിളപ്പിൽ പഞ്ചായത്തിലെ യു.ഡി ക്ലാർക്കാണ് പ്രസന്നകുമാർ.
മൈലോ മെനിൻഗോസീൽ (സ്‌പൈന ബൈഫിഡ) എന്ന അപൂർവ രോഗമാണ്. നട്ടെല്ലിലെ കശേരുക്കളുടെ അടയാത്ത വിടവിലൂടെ സുഷുമ്‌നാ നാഡിയുടെ ആവരണസ്തരം ( മെനിൻജസ്) സഞ്ചിപോലെ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ. ജീവിതം വീൽചെയറിലാകുമെന്ന് കരുതി. മാതാപിതാക്കൾ മകളെ ഒന്നരവയസിൽ ബംഗളൂരുവിലെ ആശുപത്രിൽ എത്തിച്ചു ഏഴു ശസ്ത്രക്രിയകൾ. മൂന്നാം വയസിൽ കഫോ ഇട്ട് നടക്കാൻ തുടങ്ങി. ടിവിയിലെ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തു. അഞ്ചാം വയസിൽ നൃത്തം പഠിക്കാൻ തുടങ്ങി. 10-ാം വയസിൽ നട്ടെല്ലിലെ വളവ് നിവർത്താനുള്ള ശസ്ത്രക്രിയ. നൃത്തപഠനം നിലച്ചെങ്കിലും സ്വയം പരിശീലനം തുടർന്നു.
ഒപ്പമുണ്ട് അമ്മ
വൃക്ക തകരാറിലായതിനാൽ രണ്ടുമണിക്കൂർ കൂടുമ്പോൾ ട്യൂബിട്ട് മൂത്രം പുറത്തെടുക്കണം. അതിനാൽ അമ്മ ഷിജി സ്‌കൂളിലും ഒപ്പമുണ്ടാകും. മരുന്ന് കഴിച്ചാണ് മലവിസർജനം. രാവിലെ മകൾ എഴുന്നേൽക്കും മുമ്പ് ഷിജി ജോലികൾ തീർക്കും. മാമൻ ശിവൻ സ്‌കൂട്ടറിൽ ദുർഗയെ സ്‌കൂളിൽഎത്തിക്കും. അമ്മയും ഒപ്പമുണ്ടാകും. സഹായവുമായി അദ്ധ്യാപകരും. ബി.എസ്‌സി വിദ്യാർത്ഥിയായ ചേച്ചി ദേവിപ്രിയയും താങ്ങാണ്.
ചികിത്സയ്ക്ക് ഒരുകോടി !
കോഴിക്കോട്ടുള്ള കേന്ദ്രത്തിൽ ഫിസിയോതെറാപ്പിക്ക് മാസം 80,000രൂപ വേണം. ശസ്ത്രക്രിയകൾക്ക് ഉൾപ്പെടെ ഇതുവരെ ഒരു കോടിയിലധികം ചെലവായി.
ഡോക്ടറാവണം. സിനിമയിൽ അഭിനയിക്കണം. നൃത്തം തുടരണം.
-ദുർഗപ്രിയ
മകൾക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനാകണം.അവൾക്കൊപ്പമുണ്ടാകും ഞങ്ങളും.
-ഷിജി
അമ്മ