
ഉദിയൻകുളങ്ങര: കരമന-കളിയിക്കാവിള ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രികർ ഉദിയൻകുളങ്ങര കടന്നുപോകണമെങ്കിൽ മൂക്കുപൊത്തേണ്ട ഗതികേടിലാണ്. കൂടാതെ കുറ്റിക്കാടായ സമീപത്തെ റോഡ് വക്കിൽ നിന്നും തെരുവ്നായ്ക്കൾ റോഡിലേക്കെടുത്ത് ചാടുന്നതിലൂടെ ഇവിടെ അപകടങ്ങളും കൂടുകയാണ്. പരാതികൾ നിരവധി ലഭിച്ചിട്ടും നടപടിയെടുക്കാതിരിക്കുകയാണ് ചെങ്കൽ പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിട്ടിയും.
മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോരമായ ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിലുള്ള കൊടും വളവും ഇരുഭാഗത്തുനിന്ന് വന്നിറങ്ങുന്ന ഇറക്കവും വന്നുചേരുന്ന സ്ഥലത്താണ് ദുരിതമേറെയും. കാടുകയറി മൂടിയ പ്രദേശമായതിനാൽ അറവുശാലകളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ഇവിടം ലക്ഷ്യമാക്കി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ സൈഡുകളിൽ മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിനു ഇരുവശത്ത് അപകടങ്ങളുണ്ടാക്കുന്നുണ്ട്.
ദേശീയപാതയായ ഉദിയൻകുളങ്ങര കാടുകയറിയതിനാൽ കാൽനടയും അസാദ്ധ്യമാണ്. നിരവധി സ്കൂൾ കോളേജുകൾ പ്രവർത്തിക്കുന്ന ഇവിടെ വിദ്യാർത്ഥികളും ബുദ്ധിമുട്ടുകയാണ്.
മഴക്കാല ശുചീകരണവും ഇല്ല
കൊല്ലയിൽ, ചെങ്കൽ പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് മഴക്കാല ശുചീകരണം പോലും നാളിതുവരെ നടത്താൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മത്സ്യ-മാംസാവശിഷ്ടങ്ങളടക്കം ഇവിടെ ചീഞ്ഞഴുകുന്നതിനാൽ പ്രദേശമാകെ ദുർഗന്ധവും രോഗഭീതിയുമാണ്. ദുർഗന്ധത്തിനും അപകടങ്ങളും ഉണ്ടാവാതിരിക്കാൻ ഇരു പഞ്ചായത്തുകളും ശാശ്വതമായ പരിഹരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തെരുവ്നായ ശല്യവും
നിരവധി സ്കൂൾ കോളേജുകൾ സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്തേക്ക് കടന്നു പോകുന്നതിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ പാതയെയാണ്. പകൽ സമയത്തും കാൽനടയാത്രക്കാർ നായ്ക്കളെ ഭയന്നാണ് ഇതിലൂടെ കടന്നു പോകുന്നത്.
മാലിന്യ നിക്ഷേപം പതിവ്
നൂറുകണക്കിന് കുടുംബങ്ങൾ റോഡിന്റെ ഇരുഭാഗത്തുമായി താമസമുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ തെരുവ് വിളക്കുകളുടെ അഭാവത്താൽ മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണ്. റോഡിന്റെ ഇരുഭാഗത്തുമുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാനുള്ള നടപടി ഇരുപഞ്ചായത്ത് സെക്രട്ടറിമാർ ബന്ധപ്പെട്ട് നടപ്പിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ആവശ്യം ശക്തം
റോഡിന്റെ ഇരുഭാഗവും കാടുമൂടിയതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ മറ്റ് വാഹനങ്ങൾ റോഡിനരികിലെ തോട്ടിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ദേശീയപാതയിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കി സുരക്ഷിതമായ യാത്രസൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.