citiis

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ രണ്ടാംഘട്ടമായ സ്മാർട്ട് സിറ്റി 2.0യിൽ മാലിന്യം സംസ്കരണത്തിന് ആധുനിക പദ്ധതികൾ. മാലിന്യസംസ്കരണം വെല്ലുവിളിയായി നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ നിർദ്ദേശിച്ചിരിക്കുന്നത്. പദ്ധതികൾ പരിശോധനഘട്ടത്തിലാണ്. മാലിന്യം കൃത്യമായി സംസ്കരിക്കാത്തതിനാൽ പലവിധ പ്രശ്നങ്ങളാണുണ്ടാകുന്നത്. മാലിന്യം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന രീതിയാണ് സ്മാർട്ട് സിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനുവേണ്ടി വിദേശ സഹായം മിനിസ്ട്രി ഒഫ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സിലൂടെ ലഭിക്കും.

സ്മാർട്ട് വേസ്റ്റ് കളക്ഷൻ സിസ്റ്റം

മാലിന്യശേഖരണ ബിന്നുകളിലും വണ്ടികളിലും സെൻസർ ഘടിപ്പിച്ച്, ഇ-ബിൻ സംവിധാനമാക്കും. നഗരസഭയുടെ കമാൻഡ് കൺട്രോൾ കേന്ദ്രം വഴി ഇതിനെ നിരീക്ഷിക്കാം. ഇതിലൂടെ മാലിന്യം നിറയുന്ന ബിന്നുകളെ തിരിച്ചറിയാനാകും. മാലിന്യം ശേഖരിക്കുന്ന വണ്ടികൾ എവിടെയാണെന്നും അവയുടെ സഞ്ചാരവും മനസിലാക്കാൻ സാധിക്കും. മാലിന്യം ശേഖരിക്കേണ്ട വണ്ടികൾ എപ്പോഴാണ് വരേണ്ടതെന്ന നിർദ്ദേശവും നൽകാം. ഇതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കും.

ചിപ്പും ടാഗും

ബിന്നുകളിൽ മാലിന്യം തിരിച്ചറിയാൻ കഴിയുന്ന ചിപ്പും ടാഗും ഘടിപ്പിക്കും. ബിന്നുകളിൽ എന്ത് മാലിന്യമാണെന്ന് തിരിച്ചറിയാനുള്ള സംവിധാനം വരും. ഇത് മാലിന്യം തരം തിരിക്കുന്നത് എളുപ്പമാക്കും.

നഗര പരിധിയിൽ സ്ഥാപിച്ചിട്ടുള്ള കിച്ചൻ ബിൻ- 65,090

പൈപ്പ് കമ്പോസ്റ്ര്- 87,000

പോർട്ടബിൾ എയ്റോബിക്ക് ബിൻ- 142

തുമ്പൂർമൂഴി- 55 യൂണിറ്ര് (513 ബിന്നുകൾ)

വീടുകളിലെ ബയോ ഗ്യാസ് പ്ലാന്റുകൾ- 3,982

റിംഗ് കമ്പോസ്റ്ര്- 323

സമയലാഭം

തുമ്പൂർമൂഴി മോഡലിൽ മാലിന്യം കമ്പോസ്റ്രാകാൻ 90 ദിവസമെടുക്കുമ്പോൾ പുതുതായെത്തുന്ന ഓർഗാനിക് വേസ്റ്ര് കൺവേർട്ടർ മെഷീൻ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ട് വേസ്റ്ര് കമ്പോസ്റ്രാക്കി മാറ്റാനാകും.