വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് ട്രയൽ റൺ അവസാനിക്കും. നാളെ മുതൽ കോമേഷ്യൽ ഓപ്പറേഷൻ തുറമുഖമായി മാറും. ആദ്യഘട്ടത്തിന്റെ കരാർ അവസാനിക്കുന്നതും നാളെയാണ്. കഴിഞ്ഞ വർഷം ജൂലായ് മുതൽ നടന്നുവരുന്ന ട്രയൽ റൺ വിജയകരമായിരുന്നു. തുറമുഖ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായെങ്കിലും കമ്മിഷനിംഗിന് പ്രധാനമന്ത്രിയുടെ സമയവും കാത്തിരിക്കുകയാണ്.

ചെന്നെെ ഐ.ഐ.ടിയുടെ ഇൻഡിപെന്റന്റ് എൻജിനിയർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി കോമേഷ്യൽ ഓപ്പറേഷൻ തുറമുഖമായി പ്രഖ്യാപിക്കും. കരാറനുസരിച്ച് ആദ്യഘട്ട ജോലികൾ പൂർത്തിയാക്കാൻ ഇനിയും 90 ദിവസത്തെ സമയമുണ്ട്. ഇതോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റും തുറമുഖത്തിന് ലഭിക്കും.

തുറമുഖം ജേഡ് സർവീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഷിപ്പിംഗ് കമ്പനികൾ ആരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളെയും ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന എം.എസ്‌.സിയുടെ പ്രധാന സർവീസായ ജേഡിൽ ഉടൻ ഉൾപ്പെടുമെന്നാണ് സൂചന. ഇതോടെ ജേഡ് സർവീസ് വിഭാഗത്തിൽ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമായി വിഴിഞ്ഞം മാറും.

റോഡുമാർഗം താത്കാലിക ചരക്കുനീക്കം

തുറമുഖത്തേക്കുള്ള റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ടുമാസം മുൻപാണ് നിർമ്മാണം ആരംഭിച്ചത്. പ്രധാന കവാടം മുതൽ മുല്ലൂർ കലുങ്കുനടവരെയുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കി. ഇപ്പോൾ കലുങ്കുനട മുതൽ തലക്കോട് ഭാഗം വരെയുള്ള നിർമ്മാണമാണ് നടക്കുന്നത്. ഈ റോഡ് ബൈപ്പാസിലെ സർവീസ് റോഡിനോട് ചേർന്നാണ് കൊണ്ടെത്തിക്കുന്നത്. ചരക്കു നീക്കത്തിന്റെ ഭാഗമായി റോഡ് ബൈപ്പാസിൽ കൂട്ടി ചേർക്കുന്നതിനായി ക്ലോവർ ലീഫ് മാതൃകയിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമാനുമതി ലഭിച്ചിട്ടില്ല. അതിനാൽ താത്കാലികമായി സർവീസ് റോഡുവഴി ചരക്കു നീക്കം നടത്താനാണ് സാദ്ധ്യത.