peyad

മലയിൻകീഴ്: നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള പേയാട് സെന്റ് സേവ്യേഴ്സ് ഇടവക തിരുനാളിന് ഇടവക വികാരി റവ.ഡോ.ജസ്റ്റിൻ ഡൊമിനിക്ക് പതാക ഉയർത്തി തുടക്കം കുറിച്ചു. സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികനായി. ആലുവ പൊന്തിഫിക്കൽ സെമിനാരി പ്രൊഫസർ റവ.ഡോ.ഗ്രിഗറി ആർബി വചനപ്രഘോഷണം നടത്തി. ഫാ.വിൻസെന്റ് മാനുവൽ, ഫാ.വി.എൽ.പോൾ, സഹവികാരി ഫാ.സതീഷ് വർഗീസ് എന്നിവർ സഹകാർമ്മികരായി.

തിരുന്നാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങളിൽ ബൈബിൾ പാരായണം, ജപമാല,ലിറ്റനി,നൊവേന എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിൽ നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര, തിരുവനന്തപുരം രൂപതകളിലെ വൈദികർ മുഖ്യകാർമ്മികരും വചന പ്രഘോഷകരുമാകും.ഓരോ ദിവസത്തെയും തിരുകർമ്മങ്ങൾക്ക് ക്രമീകരണങ്ങൾ ബി.സി.സി യൂണിറ്റുകളും സംഘടനകളും നടത്തുമെന്ന് ഇടവക പാരീഷ് കൗൺസിൽ അറിയിച്ചു.തിരുന്നാൾ സമാപന ദിനമായ 8ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ സമൂഹദിവ്യബലിക്ക് ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് മുഖ്യകാർമ്മികനാകും. ഫാ.അരുൺരാജ് കപ്പൂച്ചിൻ വചന സന്ദേശം നൽകും. തുടർന്നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ.വി.എൽ.പോൾ നേതൃത്വം നൽകും.തിരുനാൾ പതാക ഇറക്കുന്നതോടെ തിരുനാളിന് സമാപനമാകും.