വത്തിക്കാൻ സിറ്റി: 'മാനവരൊക്കെയും ഒന്ന്. അതാണ് നമ്മുടെ മതം" എന്ന ഗുരുദേവ വചനം ഏവരും ഉൾക്കൊള്ളണമെന്ന ആഹ്വാനത്തോടെ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന ത്രിദിന ലോകമത പാർലമെന്റിന് സമാപനം. ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ആശയസമ്പുഷ്ടവും ശ്രേഷ്ഠവുമായിരുന്നു സർവമത സമ്മേളനവേദി. ഗുരുദർശനത്തിന്റെ അന്തർധാര ലോക സമാധാനമാണ്. ബുദ്ധനും ക്രിസ്തുവും നബിയും ഓരോരോ മതങ്ങളുടെ സ്ഥാപകരായി അറിയപ്പെടുമ്പോൾ, ശ്രീനാരായണ ഗുരുദേവൻ മാനവമതത്തിന്റെ മഹാപ്രവാചകനാണ്.ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശീർവാദത്താൽ ലോകസമാധാനത്തിന്റെ നവയുഗത്തിന് നാന്ദികുറിക്കാൻ വത്തിക്കാൻ വേദിയായതിൽ ശിവഗിരി മഠത്തിന്റെ സന്തോഷവും സ്വാമി സച്ചിദാനന്ദ പങ്കുവച്ചു. വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ സംഘടനാപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് സ്വാമി ഇക്കാര്യങ്ങൾ വിശദമാക്കിയത്.

ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തിൽ മതസമന്വയവും സർവ്വമതസമ്മേളനവും ലോകമത പാർലമെന്റിന്റെ ഭാഗമായി നടന്നു.

ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ജൂത മതപ്രതിനിധികൾക്കു പുറമെ സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതഭംരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സംഘാടക സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമിനി ആര്യാനന്ദാദേവി തുടങ്ങിയവർ പങ്കെടുത്തു. പൗരാണിക റോമൻ ശില്പങ്ങളും നവോത്ഥാന കലയുടെ മാസ്റ്റർപീസുകളും ഉൾപ്പെടുന്ന വത്തിക്കാൻ മ്യൂസിയവും ക്രിസ്ത്യൻ പള്ളികളും സന്യാസിമാർ സന്ദർശിച്ചു. കെ.ജി.ബാബുരാജൻ, പാണക്കാട് സാദ്ദിഖലി തങ്ങൾ, കർണാടക സ്പീക്കർ യു. ടി. ഖാദർ, രഞ്ജിത് സിംഗ് (പഞ്ചാബ്), ഡോ. എ. വി. ആനൂപ് (മെഡിമിക്സ്), കെ. മുരളീധരൻ (മുരള്യ), ഡോ. സി.കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽഖാൻ, എം.എൽ.എമാരായ ചാണ്ടിഉമ്മൻ, സനീഷ് കുമാർ, സജീവ് ജോസഫ്, പി.വി. ശ്രീനിജൻ, ഡോ. ഇനിഗോസ് ഇരുദയരാജ് (തിരുച്ചിറപ്പള്ളി), വൈദികരായ ഫാദർ കോശി ജോർജ് വരിഞ്ഞവിള, ഫാദർ തോമസ് കുര്യൻ മരോട്ടിപ്പറമ്പിൽ, ഫാദർ ഡേവിസ് ചിറമേൽ എന്നിവരും പങ്കെടുത്തു.