
തിരുവനന്തപുരം: പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ശക്തമാകും. ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കും.കേരള തീരത്ത് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം പാടില്ല. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ശബരിമലയിൽ
സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ശ്രദ്ധിക്കാൻ
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ തുറന്നു. അപകട സാദ്ധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912.