sajeev

തിരുവനന്തപുരം: ബാങ്കുകളിൽ താത്കാലിക ജീവനക്കാരുടെ എണ്ണം സ്ഥിരം ജീവനക്കാരെക്കാൾ കൂടുന്നതിൽ ആശങ്കയുയർത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) ജില്ലാ സമ്മേളനം സമാപിച്ചു. അപ്രന്റീസ് നിയമനങ്ങൾ,കരാർ നിയമനങ്ങൾ എന്നിവ നിറുത്തലാക്കി സ്ഥിര നിയമനങ്ങൾ നടത്തണമെന്നും ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. നിഷാന്ത് പ്രവർത്തന റിപ്പോർട്ടും,ട്രഷറർ എം.എസ്. സുമോദ് സാമ്പത്തിക റിപ്പോർട്ടും,ജനറൽ കൗൺസിൽ അംഗം പി.രാജേഷ് സംഘടനാ റിപ്പോർട്ടും,സംസ്ഥാന വനിത സബ് കമ്മിറ്റി കൺവീനർ കെ.എസ്.രമ വനിതാ കമ്മറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു, സംഘാടകസമിതി ചെയർമാൻ പി. വി. ജോസ്,കെ.ജി. സുനിൽകുമാർ,എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എസ്.സജീവ് കുമാർ (പ്രസിഡന്റ് - കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ),എൻ.നിഷാന്ത്(സെക്രട്ടറി,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ) കെ.പി.ബാബുരാജ് (ട്രഷറർ - നബാർഡ് എംപ്ലോയീസ് അസോസിയേഷൻ) അശ്വതി പിള്ള.എസ് (വനിതാ കൺവീനർ,കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ) എന്നിവരെ തെരഞ്ഞെടുത്തു.