
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കണ്ണൂരിൽ നിന്ന് നാല് പ്രതിമകൾ കൂടിയെത്തുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം, ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ.ജി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് തലസ്ഥാനത്ത് എത്തിക്കുന്നത്. ഉണ്ണി കാനായിയാണ് ശില്പി. കണ്ണൂർ പയ്യന്നൂരിലാണ് പ്രതിമ നിർമ്മിക്കുന്നത്. എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കും. ഇതിന്റെ ജോലികൾ അവസാനഘട്ടത്തിലാണ്. എ.കെ.ജി, ഇ.എം.എസ് പ്രതിമകൾ വഞ്ചിയൂർ ജംഗ്ഷനിലും കോടിയേരിയുടേത് വഞ്ചിയൂർ കുട്ടവിളയിലുമാണ് സ്ഥാപിക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് ഈ മൂന്ന് പ്രതിമകളുടെയും നിർമ്മാണം. തലസ്ഥാനത്തെ രണ്ടാമത്തെ എ.കെ.ജി പ്രതിമയാണിത്. 2ന് അനാഛാദനം ചെയ്യും. മൂന്നര അടി ഉയരമുള്ള അർദ്ധകായ ഫൈബർ ഗ്ലാസ് ശില്പങ്ങളാണ് മൂന്നരമാസം സമയമെടുത്ത് ഉണ്ണി കാനായി നിർമ്മിച്ചത്. എ.കെ.ജി, ഇ.എം.എസ് പ്രതിമകൾക്ക് വെങ്കല നിറവും കോടിയേരിയുടേതിന് ഫൈബർ ഗ്ലാസിന്റെ യഥാർത്ഥ നിറവുമാണ്. മിശ്രിതങ്ങളും കെമിക്കലും ചേർത്തുണ്ടാക്കുന്ന ഫൈബർ ഗ്ലാസിന് പണച്ചെലവും സംരക്ഷണച്ചെലവും കുറവാണ്.