
തിരുവനന്തപുരം: എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. ഇതിനുള്ള ലൈസൻസ് മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷഹിർഷായ്‌ക്ക് കൈമാറി. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നതെന്നും നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഹൃദയ ശസ്ത്രക്രിയയും നടത്തിയത് ഇവിടെയാണ്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. കാർഡിയോളജി യൂണിറ്റ്, കാർഡിയോളജി ഐ.സി.യു,വെന്റിലേറ്റർ,സുസജ്ജമായ ട്രാൻസ്‌പ്ലാന്റ് സംവിധാനങ്ങൾ,അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ,ശസ്ത്രക്രിയ ഉപകരണങ്ങൾ,വിദഗ്ദ്ധ ഡോക്ടർമാർ എന്നിവ പരിഗണിച്ചാണ് ലൈസൻസ് നൽകുന്നത്.
ഫോട്ടോ: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസൻസ് മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ കെ സോട്ടോ
എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷഹിർഷായ്ക്ക് കൈമാറിയപ്പോൾ