തിരുവനന്തപുരം: സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തിനിടെ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ഇതു സംബന്ധിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപോയത്. സമ്മേളനം വിട്ട അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായ വിമർശനം നടത്തുകയും ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. റഹീം എം.പി, എം. വിജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലായിരിന്നു മധുവിന്റെ പ്രതിഷേധം.
പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പലേടത്തും പരസ്യമാകുകയും ഏരിയാകമ്മിറ്റികൾ പോലും പിരിച്ചുവിടുകയും ചെയ്യുന്നതിനിടെയാണ് മംഗലപുരം ഏരിയാ സമ്മേളനവും തർക്കത്തിൽ കലാശിച്ചത്.

ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് എം.ജലീലിനെ പുതിയ സെക്രട്ടറിയാക്കിയതോടെയാണ് മധു പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് . രണ്ട് തവണ ഇറങ്ങിപ്പോയ മധുവിനെ നേതാക്കൾ അനുനയിപ്പിച്ച് തിരികെ എത്തിച്ചെങ്കിലും ജില്ലാ നേതൃത്വം തീരുമാനത്തിൽ ഉറച്ചു നിന്നതോടെ സമ്മേളന ഹാൾ വിട്ട് പുറത്തിറങ്ങി താനും പ്രവർത്തകരും പാർട്ടി വിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മധു മുല്ലശ്ശേരിയായിരുന്നു സെക്രട്ടറി.

വിഭാഗീയ പ്രവർത്തനങ്ങളുടെ ഫലമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകളിൽ കാര്യമായ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെ ചില മുതിർന്ന നേതാക്കളുടെ നീക്കങ്ങൾ പിന്നീട് പാർട്ടി നേതൃത്വം വിമർശന വിധേയമാക്കിയിരുന്നു. ആറ്റിങ്ങൾ ലോക്സഭാ മണ്ഡലം തുച്ഛമായ വോട്ടിന് കൈവിട്ടുപോകാൻ ഇവിടത്തെ വിഭാഗീയ പ്രവർത്തനങ്ങളും കാരണമായതായി പാർട്ടി വിലയിരുത്തിയിരുന്നു. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് മംഗലപുരം ലോക്കൽ സമ്മേളനം മാറ്റിവച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ജില്ലാ നേതൃത്വം കടുത്ത തീരുമാനമെടുത്തത് .