തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിലുള്ള ട്യൂട്ടേഴ്സ് ലെയ്നിൽ 3 ദിവസമായി കുടിവെള്ളം കിട്ടാനില്ലെന്ന് പരാതി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ജലവിതരണം നിറുത്തിവച്ചത്. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കം താമസിക്കുന്ന ഈ പ്രദേശത്ത് കഴിഞ്ഞ 29 മുതൽ ഒരു തുള്ളിവെള്ളം പോലും കിട്ടാനില്ലാത്ത സാഹചര്യമാണെന്നും ഇതേക്കുറിച്ച് പരാതി നൽകിയിട്ടും വാട്ടർ അതോറിട്ടി അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

എന്നാൽ, സ്മാർട്ട് സിറ്റി നവീകരണവുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രി-വഞ്ചിയൂർ റോഡിലെ പൈപ്പ് പണി മൂലമുള്ള സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നാണ് അധികൃതരുടെ വാദം. ജലവിതരണം പൂർണമായി നിറുത്തിവച്ചിട്ടില്ല. ഈ മേഖലയിൽ ഇടയ്ക്ക് തടസങ്ങളുണ്ടാവുന്നത് മൂലം വേണ്ട മർദ്ദത്തിൽ ജലവിതരണം പുനഃസ്ഥാപിക്കാനാവാത്ത സ്ഥിതിയാണ്.ജനറൽ ആശുപത്രി ഭാഗത്തുള്ള പഴക്കമേറിയ 450 എം.എം കാസ്റ്റ് അയൺ പൈപ്പ്‌ലൈൻ ഡീകമ്മിഷൻ ചെയ്യൽ, വഞ്ചിയൂർ റോഡിൽ 300 എം.എം ഡി.ഐ പൈപ്പ് മെയിൻ റോഡിലെ 500 എം.എം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ,ജനറൽ ആശുപത്രിയിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തൽ എന്നീ പണികൾ 6,7 തീയതികളിൽ ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പണികൾ പൂ‌ർത്തിയാകുന്നതോടെ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.