തിരുവനന്തപുരം: മക്കളെ മർദ്ദിച്ചെന്ന പിതാവിന്റെ പരാതിയിൽ അമ്മയ്ക്കെതിരേ കേസ്. മണ്ണന്തല സ്വദേശി ഖദീജയ്ക്കെതിരേയാണ് കേസെടുത്തത്. 7ഉം 6ഉം വയസുള്ള ആൺകുട്ടിയെയും പെൺകുട്ടിയെയും മ‌ർദ്ദിച്ചെന്നാണ് പിതാവിന്റെ പരാതി. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ മക്കളെ ഇരുവരും മാറിമാറിയാണ് നോക്കുന്നത്. അമ്മയുടെ അടുത്ത് താമസിച്ചതിന് ശേഷം തിരിച്ചെത്തിയപ്പോൾ കുട്ടികളുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കാണുകയും കുട്ടികളിൽ നിന്ന് ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിതാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇക്കാര്യം ചെൽഡ് വെൽഫയ‌ർ കമ്മിറ്റിയെയും അറിയിച്ചു. തുടർന്ന് പേരൂർക്കട ആശുപത്രിയിൽ ഹാജരാക്കിയതിന് ശേഷം പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.