പാലോട്: ഗ്രാമീണ മേഖലയിലെ സാമ്പത്തിക നെടുംതൂണായ പശുവളർത്തലിൽ വീണ്ടും വിജയക്കൊടി പാറിച്ച് നന്ദിയോട്ടെ ക്ഷീരകർഷകർ. ക്ഷീരസമൃദ്ധിയിൽ സ്വപ്നങ്ങൾ നെയ്തെടുക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് ഇവിടുത്തെ ഓരോ കർഷകരും. വാമനപുരം നദിയെ ആശ്രയിച്ചാണ് കർഷകർ കാലിവളർത്തലിൽ ഏർപ്പെട്ടിട്ടുള്ളത്. പാൽ ലഭ്യതയിൽ നന്ദിയോട് തന്നെയാണ് ഇന്നും മുന്നിൽ. കാലിവളർത്തലിലൂടെ ജീവിതത്തിൽ പച്ചപിടിച്ചവരും ഏറെയാണ്. പാൽ ലഭ്യത കണക്കിലെടുത്ത് സങ്കരയിനം പശുക്കളെയാണ് കർഷകർ വളർത്തുന്നത്. കൃത്യമായ പരിചരണം ലഭ്യമായതിനാൽ മികച്ച പാൽ ഉത്പാദനമാണ് നിലവിലുള്ളത്. ഗ്രാമപ്രദേശങ്ങളിലെ മിക്ക വീടുകളിലും രണ്ടോ മൂന്നോ പശുക്കളുണ്ട്. ഇവരുടെ ഉപജീവനമാർഗം കൂടിയാണ് കാലിവളർത്തൽ. നന്ദിയോട് മേഖലയിൽത്തന്നെ മിൽമയുടെ ഏഴോളം പാൽ സംഭരണകേന്ദ്രങ്ങളുണ്ട്. വീടുകളിൽ നിന്നും ചെറിയ സംഘങ്ങളിലെത്തിച്ച് അവിടെ നിന്ന് ശേഖരിക്കുന്ന പാൽ നന്ദിയോട്ടെ മിൽമ ഫില്ലിംഗ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് മിൽമയുടെ അമ്പലത്തറയിലെ പ്ലാന്റിലെത്തിക്കുന്നു. 5000 ലിറ്ററോളം പാൽ ദിവസവും അമ്പലത്തറയിലെത്തുന്നുണ്ട്.

വിലയിലെ ഏറ്റക്കുറച്ചിൽ

ഗ്രാമീണരുടെ ജീവനോപാധിയായ ക്ഷീരകൃഷിയെ മുന്നോട്ടു കൊണ്ടുപോകുമ്പോഴും കാലിത്തീറ്റയിലുണ്ടാകുന്ന വിലയിലെ ഏറ്റക്കുറച്ചിൽ വല്ലാതെ വലയ്ക്കുന്നുണ്ട്. 1235 രൂപ മുതൽ 1450 വരെയാണ് നിലവിലെ തീറ്റ വില. 2019ൽ 34-39 വരെയായിരുന്നു പാൽ വില. 2022 ആയപ്പോൾ 48 രൂപയായി. നിലവിൽ 54 രൂപയാണ് വില. പാലിന്റെ ഗുണനിലവാരത്തിന്റെയും ഫാറ്റിന്റെ അടിസ്ഥാനത്തിലുമാണ് വില ലഭിക്കുന്നത്. 40 മുതൽ 45 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. കൂടാതെ തീറ്റയ്ക്ക് 100 രൂപ വരെ സബ്സിഡിയും ലഭിക്കും.

ധനസഹായം ലഭിക്കും

നന്ദിയോട് ക്ഷീരസംഘത്തിൽ നിന്നും മാത്രം ആയിരത്തിലധികം ലിറ്റർ പാലാണ് ദിനംപ്രതി സംഭരിക്കുന്നത്. ത്രിതല പഞ്ചായത്തുകളും മിൽമയും ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികളും കർഷകർക്കായി നൽകുന്നുണ്ട്. ക്ഷീരസംഘങ്ങൾ മുഖേന പാൽ ഉത്പാദന സബ്സിഡി തൊഴുത്ത് നിർമ്മാണം, പശുവളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് ധനസഹായവും ലഭ്യമാക്കുന്നുണ്ട്.

പ്രതികരണം

ക്ഷീരകർഷക മേഖലയിലെ പ്രധാന പ്രതിസന്ധിയായി കണക്കാക്കപ്പെടുന്നത് കുളമ്പുരോഗമാണ്. കുളമ്പുരോഗ പ്രതിരോധ വാക്സിൻ നിർമ്മാണ യൂണിറ്റ് പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറിയിൽ സ്ഥാപിക്കും. ഇതിനായുള്ള അനുമതി കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ചിഞ്ചുറാണി, മന്ത്രി