photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പഴക്കമുള്ള അമ്മച്ചിപ്ലാവ് ഇന്ന് നാശത്തിന്റെ വക്കിലാണ്. ക്ഷേത്രത്തിലെ അമ്മച്ചിപ്ലാവ് മഴയിൽ കുതിർന്ന് നശിക്കാൻ തുടങ്ങിയിട്ടും സംരക്ഷിക്കാനുള്ള നടപടികൾ വൈകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് എട്ടുവീട്ടിൽ പിള്ളമാരുടെ ഭീഷണിയെ തുടർന്ന് മാർത്താണ്ഡവർമ്മ മഹാരാജാവ് അഭയം പ്രാപിച്ച അമ്മച്ചിപ്ലാവിനാണ് ഈ ദുരവസ്ഥ.

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാർക്കെതിരെ പ്രക്ഷോഭം നയിച്ചുവരുന്നതിനിടെ മഹാരാജാവിനെ വധിക്കാൻ എട്ടുവീട്ടിൽ പിള്ളമാ‌ർ ശ്രമിച്ചതിനെത്തുടർന്ന് മഹാരാജാവ് അവിടെ നിന്നു പലായനം ചെയ്ത് ഇന്നത്തെ ശ്രീകൃഷ്ണ സ്വാമിക്ഷേത്രമിരിക്കുന്ന പരിസരത്തെത്തി. അവിടെവച്ച് ഒരു ബാലൻ മഹാരാജാവിനോട് അവിടെയുള്ള കൂറ്റൻ പ്ളാവിന്റെ പൊത്തിൽ കയറി ഒളിക്കാൻ നിർദ്ദേശിച്ചു. അവിടെയെത്തിയ എട്ടുവീട്ടിൽ പിള്ളമാർ അദ്ദേഹത്തെ കണ്ടെത്താനാവാതെ മടങ്ങി. കൊട്ടാരത്തിൽ മടങ്ങിയെത്തിയ മഹാരാജാവ് പ്രശ്നംവച്ച് നോക്കിയപ്പോൾ തന്നെ രക്ഷിച്ച ബാലൻ ശ്രീകൃഷ്ണഭഗവാനാണെന്ന് കണ്ടു. അതോടെ പ്ലാവിനടുത്ത് ഭഗവാന് ക്ഷേത്രം പണിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഐതിഹ്യം. പിന്നീട് പ്ലാവിന് അമ്മച്ചിപ്ലാവെന്ന പേര് ലഭിക്കുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്മച്ചിപ്ലാവ് മേൽക്കൂര നിർമ്മിച്ച് സംരക്ഷിച്ചു വരികയായിരുന്നു. പുരാവസ്തുവകുപ്പിനാണ് സംരക്ഷണച്ചുമതല. മേൽക്കൂരയിലെ ചോർച്ച കാരണം പ്ലാവിന്റെ സംരക്ഷണ ഭിത്തിതന്നെ അടർന്നു വീഴാവുന്ന നിലയിലാണ്. പ്ലാവ് ദ്രവിച്ചു പോകാതിരിക്കാനുള്ള നടപടികളൊന്നും ചെയ്തിട്ടില്ലെന്ന ആക്ഷേപമുണ്ട്.