roshi-augustin

നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനായി, 2511 കോടി എ.ഡി.ബി വായ്പയുടെ സഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള തീരുമാനം വാട്ടർ അതോറിട്ടിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് ഭരണകക്ഷി ആഭിമുഖ്യമുള്ള സംഘടനകൾ ഉൾപ്പെടെ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെ സംബന്ധിച്ച് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

?​ കുടിവെള്ള വിതരണ പദ്ധതിക്കായുള്ള വായ്പയ്ക്ക് എ.ഡി.ബിയുമായി ഏർപ്പെടുന്ന കരാറിൽ ഒരു സ്വകാര്യ കമ്പനിയെക്കൂടി ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ.

ജല വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്നത് സർക്കാരിന്റെ അജണ്ടയിലുള്ളതല്ല. അങ്ങനെയൊരു നയവും സമീപനും സർക്കാർ സ്വീകരിച്ചിട്ടില്ല. നിലവിലുള്ള പദ്ധതിയിൽ സ്വകാര്യവത്കരണത്തിനായുള്ള ഒരു വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടില്ല. അത്തരം വ്യവസ്ഥകളൊന്നും സർക്കാർ അംഗീകരിച്ചിട്ടുമില്ല. നഗരങ്ങളിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

വാട്ടർ അതോറിട്ടിയുടെ പല പ്രവൃത്തികളും പരിപാലനവും അറ്രകുറ്റപ്പണികളും സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് ഇപ്പോഴും ചെയ്യുന്നത്. അതേരീതിയിൽ കൊച്ചിയിലെ ജലവിതരണവും പരിപാലനവും നിശ്ചിത കാലയളവിലേക്ക് ഒരു കമ്പനിയെ ഏൽപ്പിക്കുന്നു എന്നേയുള്ളൂ. ഇപ്പോഴത്തേതു പോലെ വാട്ടർ അതോറിട്ടിയുടെ പൂർണ നിയന്ത്രണത്തോടെയേ പദ്ധതി നടപ്പാക്കൂ. നിരക്ക് നിശ്ചയിക്കുന്നതും ബില്ലിംഗും അതോറിട്ടിയുടെ നിയന്ത്രണത്തിൽത്തന്നെയായിരിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ കുടിവെള്ളമെന്ന സർക്കാർ നയത്തെ കരാർ വ്യവസ്ഥകൾ ബാധിക്കില്ല.

എ.ഡി.ബി സഹായത്തോടെ കൊച്ചിയിലെ ജലവിതരണം പരിഷ്കരിക്കാനുള്ള നടപടികൾ 2017-ൽ ആരംഭിച്ചതാണ്. ഇപ്പോൾ സോയൂസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ടെണ്ടർ നടപടികളിലേക്ക് കടക്കുന്നതേയുള്ളൂ. എല്ലാവർക്കും അനുയോജ്യമായ രീതിയിൽ മാത്രമേ പദ്ധതി നടപ്പാകുകയുള്ളൂ. അതിനുള്ള കൂടിയാലോചനകളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ കൊച്ചി മേയറുമായും എം.എൽ.എമാരുമായും യൂണിയൻ നേതാക്കളുമായും ചർച്ചനടത്തി. അവർ ഉന്നയിച്ച ചില സംശയങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച് റിപ്പോർട്ടായി വാട്ടർ അതോറിട്ടിയുടെ താഴേത്തട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഭേദഗതികൾ ആവശ്യമെങ്കിൽ നിർദ്ദേശിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

?​ ടെണ്ടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർവീസ് സംഘടനകൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ആക്ഷേപങ്ങൾ പരിഹരിക്കാൻ...

51 ശതമാനം നോൺറവന്യു നഷ്ടവും,​ 43 ശതമാനം ജലചോർച്ചയുമുണ്ടാകുന്നെന്ന ടെണ്ടറിലെ പരാമർശം സംബന്ധിച്ചാണ് പ്രധാന ആക്ഷേപം. ഇക്കാര്യത്തിൽ ഒരു വിശദ പഠനം നടത്തേണ്ടതുണ്ടെന്നാണ് ഞാൻ നിലപാടെടുത്തത്. നോൺ റവന്യു നഷ്ടമെന്ന ആക്ഷേപത്തിൽ കാര്യമുണ്ടെന്നാണ് തോന്നുന്നത്. 211 എം.എൽ.ഡി ശുദ്ധീകരിച്ച ജലം കൊച്ചി കോർപ്പറേഷനിൽ ലഭ്യമാക്കുമ്പോൾ നിലവിലെ ഇ- അബാക്കസ് കണക്കനുസരിച്ച് 103 എം.എൽ.ഡി ജലത്തിന്റേതിനു മാത്രമാണ് ബില്ലിംഗ് നടക്കുന്നത്. അതൊരു വലിയ നഷ്ടം തന്നെയാണ്.

അത് പൈപ്പ് പൊട്ടൽ കാരണമുള്ള ജലനഷ്ടമാകാം,​ വിതരണ ശൃംഖലയിലെ ചോർച്ചയാകാം, മീറ്ററുകളുടെ പ്രവർത്തനക്ഷമതക്കുറവാകാം,​ ജലമോഷണമാകാം... അതു പരിശോധിക്കാൻ വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 1000 ലിറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കാൻ 24 രൂപ ചെലവാകുമെന്നിരിക്കെ,​ കൊച്ചിയിൽ മാത്രം 51 ശതമാനം വരുമാന നഷ്ടമുണ്ടാകും എന്നത് വലിയ ബാദ്ധ്യതയാണ് സൃഷ്ടിക്കുക. വരുമാന നഷ്ടം 30 ശതമാനമെങ്കിലും കുറയ്ക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അതിനുള്ള ക്രിയാത്മക നിർദ്ദേശം വാട്ടർ അതോറിട്ടി തന്നെ മുന്നോട്ടുവയ്ക്കണം.

?​ വരുമാനനഷ്ടം നികത്താൻ ഒരു സ്വകാര്യ കമ്പനിയെക്കൂടി ഉൾപ്പെടുത്തേണ്ടതുണ്ടോ?​ വാട്ടർ അതോറിട്ടിക്കു തന്നെ ഈ പ്രശ്നം പരിഹരിക്കാനാവില്ലേ.

ടെണ്ടർ ഏറ്റെടുക്കുന്ന കമ്പനിക്ക് പുതുതായി ഉത്പാദന ഘടകങ്ങളൊന്നും സ്ഥാപിക്കേണ്ട കാര്യമില്ലെന്നും നിലവിലുള്ളവ പൂർണതോതിൽ സജ്ജമാക്കിയാൽ വിതരണം കാര്യക്ഷമമാക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. നിലവിലെ പൈപ്പ്ലൈനുകൾ മാറ്റിയിടേണ്ടി വരുന്നതും മോഷണങ്ങളും മറ്റും മൂലമുള്ള വരുമാനനഷ്ടം ഇല്ലാതാക്കാൻ മാത്രമുള്ള ഒരു പദ്ധതിയാണ് അവർ ഇതിനെ കാണുന്നത്. പക്ഷേ,​ ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച് ഭാവിയിലേക്കുള്ള ജലവിതരണം കൂടി ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതായുണ്ട്. വിതരണ ശൃംഖലയിൽ ഇപ്പോഴുള്ള നഷ്ടം കുറയ്ക്കുന്നതിനൊപ്പം ഭാവിയിലേക്ക് കണ്ടെത്തേണ്ട കുടിവെള്ള സ്രോതസുകളെക്കുറിച്ചും വിലയിരുത്തിയേ പുതിയ പദ്ധതികൾ കൊണ്ടുവരാനാകൂ. അതാണ് സർക്കാർ ലക്ഷ്യമാക്കുന്നതും.

മരട് പ്ലാന്റിൽ നിന്ന് 100 എം.എൽ.ഡി വെള്ളവും ആലുവ പ്ലാന്റിൽ നിന്ന് 300 എം.എൽ.ഡിയും നിലവിൽ കൊച്ചിയിലേക്ക് വിതരണം ചെയ്യുന്നുണ്ട്. അതുതന്നെ മതിയാകുന്നില്ല. അതിനാണ് പുതുതായി 190 എം.എൽ.ഡി ശേഷിയുള്ള ഒരു ജലസംഭരണികൂടി ഈ കരാറിന്റെ ഭാഗമായി സ്ഥാപിക്കുവാൻ സർക്കാർ ശ്രമിക്കുന്നത്. 2050-ലുണ്ടാകുന്ന ജനംസംഖ്യയും ആവശ്യകതയും പരിഗണിച്ചു മാത്രമേ പുതിയ പദ്ധതികൾ ആലോചിക്കാനാകൂ. ഈ സംഭരണിയും പുതിയ ഉത്പാദന ഘടകങ്ങളും കരാർ ഏറ്റെടുക്കുന്ന കമ്പനിക്ക് കൈമാറാൻ സർക്കാ‌ർ ഉദ്ദേശിക്കുന്നുമില്ല.

?​ പദ്ധതി നടപ്പാക്കിയാലുള്ള മെച്ചങ്ങൾ.

നിലവിൽ കൊച്ചിയിലെ ജലവിതരണത്തിന് പുതിയ സ്രോതസുകളൊന്നും കണ്ടെത്താനാകില്ല. കടമ്പ്രയാറിലെ വെള്ളമെടുക്കാമെന്ന് പരിഗണിച്ചാൽത്തന്നെ അത് വളരെ മലിനമാണ്. നിലവിലുള്ള സ്രോതസുകൾ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കുകയേ മാർഗമുള്ളൂ. അമൃത് പദ്ധതിയിലൂടെയും കോർപ്പറേഷന്റെ പദ്ധതികളിൽ ഉൾപ്പെടുത്തിയും ഇതിനകം വലിയ തോതിൽ പൈപ്പ്ലൈനുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അതും കരാറിന്റെ ഭാഗമാക്കേണ്ടതുണ്ട്. പുതുതായി സ്ഥാപിക്കേണ്ട പൈപ്പ്ലൈനുകളെക്കുറിച്ചും പുതിയ ജലസംഭരണിയെക്കുറിച്ചും കരാറിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

പത്തു വർഷത്തേക്കുള്ള പരിപാലനത്തിന് 30 കോടിയുടെ ചെലവ് സംബന്ധിച്ച വിഷയമാണ് മറ്റൊരു ആക്ഷേപമെങ്കിൽ,​ ഇപ്പോൾ ലഭിക്കുന്ന പത്തു രൂപയുടെ വരുമാനം ഏഴു വർഷംകൊണ്ട് 30 രൂപയായി വർദ്ധിക്കും. പത്തു രൂപ ലഭിക്കുന്ന സാഹചര്യം വച്ചാണ് നിലവിൽ മോണിട്ടറിംഗ് നടക്കുന്നത്. കരാർ നടപ്പാകുമ്പോൾ വാർഷികാടിസ്ഥാനത്തിൽ നിരീക്ഷണത്തിന് സംവിധാനവുമുണ്ടാകും. ഇക്കാര്യത്തിൽ കൂടുതൽ സുതാര്യമായ നടപടികൾ സർക്കാരുമായി ആലോചിച്ച് നടപ്പാക്കും.

?​ കരാർ കമ്പനിയുമായുള്ള തർക്ക പരിഹാരത്തിന് സംവിധാനം എന്താണ്? അന്താരാഷ്ട്ര കമ്പനിയായതിനാൽ തർക്ക പരിഹാരം അവരുടെ നിയമ വ്യവസ്ഥകൾക്ക് വിധേയമാകുമോ...

കൊച്ചിയിലെ കരാർ ആർബിട്രേഷൻ ക്ലോസുകൾക്ക് വിധേയമാണ്. അന്താരാഷ്ട്ര ബിഡ്ഡിംഗ് നടത്തിയാണ് കരാറുകാരെ തിരഞ്ഞെടുക്കുന്നത്. അതിനാൽ നിയമ വ്യവഹാരങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തേണ്ടിവരും. തർക്കങ്ങളുണ്ടായാൽ ഡിസ്പ്യൂട്ട് ബോർഡിന് വിടും. ആ സംവിധാനം സംസ്ഥാനത്തിന്റെ പരിധിയിലാണുള്ളത്. പരിഹാരമുണ്ടായില്ലെങ്കിൽ സൗഹാർദ്ദപൂർണമായ ഒത്തുതീർപ്പിനു ശ്രമിക്കും.

അതിലും തീർപ്പുണ്ടാകുന്നില്ലെങ്കിൽ മാത്രമേ ആർബിട്രേഷൻ നടപടികളിലേക്ക് കടക്കൂ. ഇതിനായി സിംഗപ്പൂരിലേക്ക് പോകേണ്ടി വരില്ല. കാരണം, ഇന്ത്യയിൽ രജിസ്റ്റ‌ർ ചെയ്ത കമ്പനിയെന്ന നിലയിൽ ഇന്ത്യൻ വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ ആർബിട്രേഷനും നടക്കുകയുള്ളൂ. നിലവിലുള്ള ടെണ്ടറിൽ ഇന്ത്യൻ ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ട് -2019 അനുസരിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് തിരുവനന്തപുരം ചാപ്റ്ററിന്റെ അധികാര പരിധിയിൽ,​ കൊച്ചിയിലാണ് ആർബിട്രേഷൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്.