
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി രൂപീകരിക്കുന്ന സ്ഥാപനങ്ങൾ കാലക്രമത്തിൽ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യയിൽ പുതിയ കാര്യമല്ല. വർഷങ്ങൾ നീണ്ട വ്യവഹാരത്തിനു ശേഷമാണ് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകാൻ എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തയ്യാറായത്. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വിവിധ കാരണങ്ങൾ ഉയർത്തിക്കാട്ടി അവസാന നിമിഷം വരെയും ഇതു നൽകാനാവില്ലെന്ന നിലപാടാണ് ഇ.പി.എഫ്.ഒ സ്വീകരിച്ചത്. തൊഴിലാളികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിച്ചെങ്കിലും അതിനെതിരെയും റിവ്യു പെറ്റിഷൻ നൽകി പിന്നീടും നീട്ടിക്കൊണ്ടു പോയതിനു ശേഷമാണ് രണ്ടുവർഷം മുമ്പ് അന്തിമ വിധി വന്നത്. ഇനി ഇതു നൽകാതെ മറ്റു മാർഗങ്ങളൊന്നും ഇ.പി.എഫ്.ഒയുടെ മുന്നിലില്ല.
ഉയർന്ന പെൻഷൻ എത്രയും വേഗം നൽകാനുള്ള നടപടിയാണ് ഇ.പി.എഫ്.ഒ ചെയ്യേണ്ടിയിരുന്നത്. പല കാര്യങ്ങളിലും വ്യക്തതയില്ലെന്നു പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയും അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോൾ നൽകിത്തുടങ്ങുകയുമാണ് ചെയ്തത്. പെൻഷൻ കേസിൽ സുപ്രീംകോടതി വിധി വന്ന് രണ്ടുവർഷം പൂർത്തിയായിട്ടും ഒരു ശതമാനം അപേക്ഷകർക്കു പോലും വർദ്ധിപ്പിച്ച പെൻഷൻ ലഭിച്ചുതുടങ്ങിയിട്ടില്ല. നവംബർ 22 വരെയുള്ള കണക്കു പ്രകാരം ആകെ ലഭിച്ച 17,48,775 ഓപ്‌ഷനുകളിൽ 16,282 പേർക്കാണ് പെൻഷൻ പേയ്മെന്റ് ഓർഡറുകൾ അയച്ചത്. 1,19,187 പേർക്ക് പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കാനുള്ള തുക സംബന്ധിച്ച് ഡിമാൻഡ് ലെറ്റർ അയച്ചിട്ടുണ്ട്. മൊത്തം അപേക്ഷകളിൽ തൊഴിലുടമകൾ കൂടി അംഗീകരിച്ച് ഇ.പി.എഫ്.ഒയിൽ തിരികെ ലഭിച്ചത് 14,37,097 എണ്ണം മാത്രമാണെന്ന് ഇ.പി.എഫ്.ഒ വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ തിരികെ ലഭിച്ചതിൽ 8,47,093 അപേക്ഷകൾ പരിശോധിച്ചു. 2,60,352 എണ്ണം പല കാരണങ്ങളാൽ തള്ളി. കൂടുതൽ വിശദീകരണം തേടി 4,67,554 എണ്ണം തൊഴിലുടമകൾക്ക് തിരിച്ചയച്ചു. 5,90,004 അപേക്ഷകളിൽ ഇതുവരെ ഒരു പരിശോധനയും തുടങ്ങിയിട്ടില്ല. ഇക്കണക്കിനു പോയാൽ പെൻഷൻ അപേക്ഷകരിൽ പലരും പരലോകത്തെത്തിയാൽ പോലും ഈ പെൻഷൻ വർദ്ധനവ് നടപ്പാക്കിത്തീരുമെന്ന് തോന്നുന്നില്ല. ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിച്ചവരെ, സർവീസിലുള്ളവരും പിരിഞ്ഞവരും എന്ന രണ്ടു വിഭാഗങ്ങളായി കണ്ട് പിരിഞ്ഞവരുടെ അപേക്ഷകൾ മുൻഗണനയോടെ തീർക്കാൻ ഇ.പി.എഫ്.ഒ ശ്രമിച്ചിരുന്നെങ്കിൽ പരാതികൾ ഒഴിവാക്കാമായിരുന്നു. പെൻഷൻ വർദ്ധനവ് ഏറ്റവും അടിയന്തരമായി വേണ്ടത് ആ വിഭാഗങ്ങൾക്കാണ്. ഉയർന്ന പെൻഷൻ പദ്ധതിയിൽ അപേക്ഷിച്ചവരിൽ വലിയൊരു വിഭാഗം ഇപ്പോഴും സർവീസിലുള്ളവരാണ്.
2014 സെപ്റ്റബർ ഒന്നിന് സർവീസിലുണ്ടായിരുന്നവരിൽ ഉയർന്ന ഓപ്‌ഷൻ നൽകിയിരിക്കുന്നത് 13,38,729 പേരാണ്. ഇതിൽ 6,17,933 പേർ 2024 മാർച്ച് 31-ന് അകം വിരമിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ വിരമിക്കുന്നത് 47,480 പേരാണ്. ബാക്കിയുള്ള 6,73,316 പേർ 2025 ഏപ്രിലിനു ശേഷം വിരമിക്കാനുള്ളവരാണ്. അതായത്, അപേക്ഷകരുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കും. ഇതെല്ലാം പരിശോധിച്ച് തീർപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണം കൂടുകയുമില്ല. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കുമെന്നത് മുൻകൂട്ടിക്കണ്ട്, വിരമിച്ച ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് ഇ.പി.എഫ്.ഒ കഴിഞ്ഞ ശനിയാഴ്ച നടന്ന സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗത്തിന്റെ അജണ്ടയിൽ പറഞ്ഞിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് നടപ്പിൽ വരുത്താൻ നടപടി സ്വീകരിക്കണം. കൂടുതൽ ജീവനക്കാരെ നിയോഗിച്ചാൽ വർദ്ധിപ്പിച്ച പെൻഷൻ ഒരു വർഷത്തിനകം അർഹരായ എല്ലാ അപേക്ഷകർക്കും നൽകാനാവും.