
വിഴിഞ്ഞം: ലോകമിന്ന് ഭിന്നശേഷി ദിനമാഘോഷിക്കുമ്പോൾ പരസഹായമില്ലാതെ വീട്ടിലേക്ക് കയറാൻ നല്ലൊരു വഴി സ്വപ്നം കാണുകയാണ് 16കാരനായ രാകേഷ്.പരിമിതികൾ മറികടന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം രാകേഷ് ഭവനിൽ സ്റ്റീഫന്റെയും ഷീലയുടെയും മകൻ രാകേഷ് വീൽച്ചെയറിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.രാകേഷിന്റെ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങുന്ന വഴി ഇടുങ്ങിയതാണ്. ഇതുവഴിയാണ് വീൽച്ചെയറിൽ സഞ്ചരിക്കുന്നത്. രാകേഷിനെ സ്കൂളിലെത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും വിഴിഞ്ഞം സെന്റ് മേരീസ് എച്ച്.എസ്.എസിലെ 2 വിദ്യാർത്ഥികളാണ്. സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ്
പി.ലിനീഷും ഷോൺ പ്രശാന്തും ഒപ്പം കൂടിയത്. വീട്ടിൽ നിന്നും ഒന്നരക്കിലോമീറ്റർ ദൂരെയുള്ള സ്കൂൾ വരെ രാകേഷിനെ വീൽച്ചെയറിൽ തള്ളിയെത്തിക്കുന്നത് മിക്കപ്പോഴും ഇവരാണ്. പിതാവ് ഓട്ടോ ഡ്രൈവറാണെങ്കിലും രാകേഷിന്റെ വീട്ടിലേക്ക് വാഹനങ്ങളൊന്നും കടന്നുചെല്ലാൻ സൗകര്യമില്ല. ഏഴാം വയസിൽ അപൂർവരോഗത്തിന് അടിമയായതോടെയാണ് രാകേഷിന്റെ ജീവിതം വീൽച്ചെയറിലേക്ക് മാറിയത്.പഠനം പിന്നീട് വീൽച്ചെയറിലിരുന്നായി. മകന്റെയും കൂട്ടുകാരുടെയും ബുദ്ധിമുട്ടോർത്ത് വീട്ടിലേക്ക് വാഹനസൗകര്യത്തിനായി വഴി കിട്ടിയെങ്കിലെന്ന് ആഗ്രഹിക്കുകയാണ് രാകേഷിന്റെ കുടുംബം. എന്നാൽ മകനെ ഓട്ടോയിൽത്തന്നെ വീട്ടിലെത്തിക്കാനും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും സാധിക്കും.രാകേഷിന്റെ സഹോദരി എട്ടാം ക്ലാസുകാരി സ്റ്റെഫിനയും തന്നാലാവുംവിധം സഹായത്തിനൊപ്പമുണ്ട്. പഠനത്തോടൊപ്പം നല്ലൊരു ചിത്രകാരൻ കൂടിയാണ് രാകേഷ്. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയിൽ മന്ത്രിയുടെ ചിത്രം വരച്ചു നൽകി പ്രസംശ നേടിയിരുന്നു. പത്തിൽ പഠിക്കുമ്പോൾ തന്നെ സ്കൂളിൽ നടന്ന എല്ലാ മത്സര പരീക്ഷകളിലും സ്കോളർഷിപ്പുകളിലും വിജയം നേടിയിരുന്നു.ഒരു സംഘടന നൽകിയ ഇലക്ട്രിക് ചെയറിലാണെങ്കിലും ഇതിൽ ഭയമില്ലാതെ സഞ്ചരിക്കാൻ നല്ലൊരു വഴി സ്വപ്നം കാണുകയാണ് രാകേഷ്.