കിളിമാനൂർ: തകർന്ന് തരിപ്പണമായ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണത്തിന് ഒരു കോടിയുടെ ഭരണാനുമതിയായി. ഏറെക്കാലമായി കുണ്ടും കുഴിയുമായിക്കിടന്ന ഡിപ്പോ നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ധർണകൾ നടത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കൗമുദി നിരവധി തവണ വാർത്തയും നൽകിയിരുന്നു. ഒടുവിൽ അധികൃതരുടെ കണ്ണു തുറക്കുകയായിരുന്നു.
ഡിപ്പോയുടെ അകത്തേക്കുള്ള വഴി മാസങ്ങളായി തകർന്ന് കിടക്കുകയാണ്. ഓരോ മഴ കഴിയുംതോറും കുഴിയുടെ ആഴം കൂടിവരും. ബസിലിരിക്കുന്ന യാത്രക്കാരുടെ നടുവൊടിയും. ബസിൽക്കേറാൻ ഓടിവരുന്നവർ കല്ലിൽ തട്ടിയോ കുഴിയിൽ വീണോ അപകടം പറ്റുന്നത് സ്ഥിരം കാഴ്ചയാണ്.
 അനുവദിച്ച തുക- ഒരു കോടി
 സ്ഥല പരിമിതിയും
തിരുവനന്തപുരം - കൊട്ടാരക്കര സംസ്ഥാന പാതയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് കിളിമാനൂർ ഡിപ്പോ. നിത്യേന ദീർഘദൂര സർവീസടക്കം നിരവധി ബസുകൾ കയറിയിറങ്ങുന്ന ഇടമായിട്ടും പൊട്ടിപ്പൊളിഞ്ഞ യാർഡ് കണ്ടതായിപ്പോലും ആരും ഭാവിച്ചിരുന്നില്ല. ഫ്യൂവൽസ് ഔട്ട് ലെറ്റ് സ്ഥാപിച്ചതോടെ സ്റ്റേഷനകത്ത് സ്ഥല പരിമിതിയുമുണ്ട്. ഇന്ധനം നിറയ്ക്കാൻ ഡിപ്പോയിലേക്ക് സ്വകാര്യ വാഹനങ്ങളും വരുന്നുണ്ട്. തകർന്നു കിടക്കുന്ന യാർഡിലൂടെ വേണം സ്വകാര്യ വാഹനങ്ങളും ഡിപ്പോയിലേക്ക് കയറിയിറങ്ങാൻ.
സർവീസുകളുടെ കാര്യത്തിലും തീരുമാനം വേണം
കൊവിഡ് ലോക്ക് ഡൗണിന് ശേഷം 62 ബസുകൾ മാത്രമായി ചുരുങ്ങിയ കിളിമാനൂർ ഡിപ്പോയിൽ നിന്ന് 18 ബസുകൾ നിലവിൽ മറ്റ് ഡിപ്പോകളിലേക്ക് മാറ്റി. ഇതു മൂലം 52 സർവീസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന കിളിമാനൂർ ഡിപ്പോയിൽ നിന്നും നിലവിൽ 37 സർവീസുകൾ മാത്രമാണ് അയക്കുന്നത്. 7 ബസുകൾ കട്ടപ്പുറത്താണ്. അവശേഷിക്കുന്നത് 37 ബസുകൾ. പുളിമാത്ത്, പഴയകുന്നുമ്മൽ, നഗരൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ വിവിധ ഗ്രാമങ്ങളിലേക്ക് സന്ധ്യ കഴിഞ്ഞാൽ ബസ് സർവീസ് ഇല്ല. ഒട്ടോയോ, ടാക്സിയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഗ്രാമീണർക്കുള്ളത്.