parking

വർക്കല: വർക്കല ടൗണിൽ നിന്നും റെയിൽവേ സ്റ്റേഷൻ, പുത്തൻചന്ത, പാപനാശം എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ ഇരുവശവും പൊലീസ് നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ടൗണും വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പരിസരവും അനധികൃത വാഹനപാർക്കിംഗ് കാരണം വീർപ്പുമുട്ടുകയാണ്. വർക്കല മുനിസിപ്പൽ പാർക്കിനോട് ചേർന്നുള്ള ഭാഗത്ത് റോഡിൽ തന്നെയാണ് കാറുകളും മറ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. മിക്കസമയങ്ങളിലും ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.

മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുഭാഗത്തും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം കാൽനട യാത്രക്കാർ ഏറെ പണിപ്പെട്ടാണ് നടക്കുന്നത്. റെയിൽവേ സ്റ്റേഷന് എതിർഭാഗത്തായി പെയ്ഡ് പാർക്കിംഗ് സംവിധാനമുണ്ടെങ്കിലും റോ‌ഡിന് ഇരുവശവും വാഹനങ്ങൾ പാർക്കു ചെയ്യാറാണ് പതിവ്.

 സ്റ്റേഷനിൽ യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾക്ക് സ്റ്റേഷന്റെ ഉള്ളിൽകയറാൻ പറ്റാറില്ല. അത്തരത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. അനധികൃത പാർക്കിംഗ് സ്ഥിരമാണെങ്കിലും ഇവരെ നിയന്ത്രിക്കാൻ മാസത്തിൽ ഒരിക്കൽമാത്രമാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ എത്തി പിഴ ഈടാക്കുന്നത്.

ബിവറേജിന് മുന്നിലും

മൈതാനം- പാപനാശം റോഡിലാണ് ബിവറേജ് ഔട്ട്ലെറ്റ് സ്ഥിതിചെയ്യുന്നത്. മദ്യം വാങ്ങാൻ എത്തുന്നവർ റോഡിൽ തന്നെ വാഹനം ഇട്ടശേഷം ഔട്ട്ലെറ്റിലേക്ക് പോകുന്നതും പ്രധാന റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വൈകിട്ട് മുതൽ രാത്രി 9 വരെ ഇതുവഴി കടന്നുപോകാൻ വളരെ പാടാണ്.