
പി.എസ്. പ്രശാന്ത്
പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയിൽ ഈ മണ്ഡല- മകരവിളക്കു കാലം പരാതിരഹിതമാക്കാനും മുഴുവൻ തീർത്ഥാടകർക്കും സുഗമ ദർശനമൊരുക്കാനുമുള്ള തീവ്രയത്നങ്ങളുമായി മുന്നോട്ടുപോവുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡലകാലത്തിന്റെ തുടക്കം ശുഭസൂചന നൽകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. അദ്ദേഹം 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? ഇതുവരെയുള്ള ക്രമീകരണങ്ങൾ പരാതിരഹിതമാണോ? ദർശനം സുഗമമാക്കാനെടുത്ത തയാറെടുപ്പുകൾ...
 വെർച്വൽ ക്യൂവും തത്‌സമയ ബുക്കിംഗും വഴി പരാതിരഹിതമായി ദർശനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. നവംബർ 2-2 ന് രണ്ടു ബുക്കിംഗിലൂടെയും 87,000 പേർ ദർശനത്തിനെത്തിയപ്പോൾ ക്യൂ ശരംകുത്തിവരെ നീണ്ടിരുന്നു. എങ്കിലും രണ്ടു മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ടിവന്നിട്ടില്ല. ഇപ്പോൾ പമ്പയിൽ ഒരുദിവസം 12,000 - 13,000 സ്പോട്ട് ബുക്കിംഗ് വരുന്നുണ്ട്.
ദർശനസമയം പതിനെട്ട് മണിക്കൂറായി വർദ്ധിപ്പിച്ചത് പ്രധാന കാര്യമാണ്. കഴിഞ്ഞവർഷം വരെ ഇത് 16 മണിക്കൂറായിരുന്നു. രണ്ടു മണിക്കൂർ അധികം ലഭിച്ചപ്പോൾത്തന്നെ ഭക്തർക്ക് ആശ്വാസമായി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി സമയം 15 മിനിട്ടായി ചുരുക്കി. നേരത്തേ ഇത് 20 മിനിട്ടായിരുന്നു. ഇതിലൂടെ ജോലിസമ്മർദ്ദം കുറയ്ക്കാനായി. പൊലീസിന്റെ നിർദ്ദേശമനുസരിച്ച് പതിനെട്ടാംപടിയിലെ ക്രമീകരണങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാൻ 22,000 ചതുരശ്രയടിയിൽ വിശാലമായ ജർമ്മൻ പന്തലൊരുക്കി. കൂടുതൽ പേർക്ക് വരിനിൽക്കാനുള്ള നടപ്പന്തലുകളുമുണ്ട്.
? സ്‌പോട്ട് ബുക്കിംഗ് പതിനായിരത്തിൽത്തന്നെ ഒതുക്കുമോ.
 ഒരിക്കലുമില്ല. വ്രതം നോറ്റ് എത്രപേർ വന്നാലും തത്സമയ ബുക്കിംഗിനുള്ള സൗകര്യം പമ്പയിലുണ്ട്. ഇതിനായി ആയിരം പേർക്ക് ഇരിക്കാവുന്ന പന്തലും എട്ട് കൗണ്ടറും പമ്പയിലൊരുക്കി. ആധാർ കാർഡുമായി വന്നാൽമതി. 20000-ത്തിലധികം പേർ വന്നാലും പ്രശ്നമില്ല.
? വെർച്വൽ ബുക്കിംഗ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിനു പിന്നിൽ...
 വെർച്വൽ ബുക്കിംഗ് 70,000 ആയി പരിമിതപ്പെടുത്തിയത് ദർശനം സുഗമമാക്കാനാണ്. ബുക്കിംഗ് 90,000 കടന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും. വെർച്വൽ ക്യൂവിൽ 70,000 പേർ ബുക്ക് ചെയ്താലും പലപ്പോഴും പതിനായിരം പേർ വരില്ല. ഇത് നമുക്ക് തത്സമയത്തിലേക്ക് മാറ്രി നൽകാനാവും. 85,000-ത്തിനകത്ത് നിന്നാലേ സുഗമദർശനം സാദ്ധ്യമാകൂ. തീർത്ഥാടകർ കൂടിയാൽ ക്യൂ മരക്കൂട്ടത്തേക്കു നീളും. അതോടെ പമ്പയിൽ നിയന്ത്രണം വേണ്ടിവരും. പന്ത്രണ്ടുവിളക്ക് കഴിയുന്നതോടെ ഭക്തരുടെ പ്രവാഹമുണ്ടാകും. അതനുസരിച്ച് തത്സമയ ബുക്കിംഗ് കൂടും. അതുകൊണ്ടാണ് വെർച്വൽക്യൂ വർദ്ധിപ്പിക്കാത്തത്.
? ഇതുവരെയുള്ള തീർത്ഥാടകരുടെ എണ്ണവും വരുമാനവും.
 ആദ്യത്തെ പത്തു ദിവസത്തെ കണക്കനുസരിച്ച് ആറര ലക്ഷത്തിലധികം ഭക്തരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ ഇത് 3,40,000 ആയിരുന്നു. വരുമാനം കഴിഞ്ഞ വർഷത്തേതിനേക്കാൾ 13.5 കോടി അധികമാണ്.
? പതിനെട്ടാംപടിയിൽ പൊലീസ് സംഘത്തിന്റെ ഫോട്ടോ ഷൂട്ട് വിവാദമായി. സന്നിധാനത്തും ക്യാമറാ വിലക്ക് ലംഘിക്കപ്പെടുന്നുണ്ടല്ലോ.
 കാലങ്ങളായി പതിനെട്ടാംപടിക്കു മുകളിൽ ക്യാമറ നിരോധിച്ചിട്ടുണ്ട്. ചിലർ വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലും, ശ്രീകോവിലിനുള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ആചാരലംഘനമായതുകൊണ്ടും ക്യാമറയ്ക്കുള്ള വിലക്ക് കർശനമായി നടപ്പാക്കും. വിലക്ക് ലംഘിച്ചാൽ ക്യാമറയും ഫോണും പിടിച്ചെടുക്കുന്നത് ഉൾപ്പെടെ നടപടികളുണ്ടാവും. പതിനെട്ടാം പടിയിൽനിന്ന് പൊലീസുകാരുടെ ഫോട്ടോ ഷൂട്ട് അറിവില്ലായ്മ കൊണ്ടുമാത്രം സംഭവിച്ചതാകാനാണ് സാദ്ധ്യത. അവരെല്ലാം വളരെ സമർപ്പണത്തോടെയും കാര്യക്ഷമതയോടെയും ജോലി ചെയ്തിരുന്നവരാണ്. മിനിട്ടിൽ 85 പേരെ വരെ കടത്തിവിട്ടിരുന്നു. ഇതിന് ചെറിയ കാര്യക്ഷമത പോരല്ലോ.
? പ്രസാദമായ അപ്പത്തിൽ പൂപ്പൽ കണ്ടെന്ന് പരാതിയുണ്ടായല്ലോ? പരാതികൾ ഒഴിവാക്കാൻ മുൻകരുതലുകൾ...
 കൗണ്ടറിൽനിന്ന് വാങ്ങിയപ്പോഴല്ല പൂപ്പൽ കണ്ടത്. വീട്ടിൽ കൊണ്ടുപോയി മൂന്നു ദിവസം കഴിഞ്ഞാണ് ഫോട്ടോയെടുത്ത് കോടതിക്കു നൽകിയത്. ആ സാഹചര്യത്തിൽ അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കേണ്ടതാണ്.
അരികൊണ്ടുണ്ടാക്കുന്ന പ്രസാദമാണ് അപ്പം. പരമാവധി ഏഴു ദിവസമാണ് ഉപയോഗ കാലാവധി. വാങ്ങിക്കൊണ്ടുപോകുമ്പോൾ കെട്ടിലിരുന്ന് ഈർപ്പം തട്ടിയാൽപ്പോലും പൂപ്പലുണ്ടാവും. എന്നാലും ഇനി മുതൽ അപ്പം തലേദിവസമുണ്ടാക്കി പിറ്റേന്നുതന്നെ ഭക്തർക്കു നൽകാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. 1,25,000 പായ്ക്കറ്റുകൾ വരെ ഒരു ദിവസം ഉത്പാദിപ്പിക്കാനാവും. 40 ലക്ഷം ടിൻ അരവണ നിലവിൽ കരുതിയിട്ടുണ്ട്. ആറുമാസം വരെ കേടുകൂടാതെയിരിക്കും.
? പാർക്കിംഗ് പ്രതിസന്ധി പൂർണമായി പരിഹരിച്ചോ.
 കഴിഞ്ഞ പ്രാവശ്യം പാർക്കിംഗിന് പ്രതിസന്ധി നേരിട്ടിരുന്നു. പ്രധാന കേന്ദ്രമായ നിലയ്ക്കലിൽ 7500 - 8000 വാഹനങ്ങൾക്കു മാത്രമേ പാർക്കിംഗിന് സൗകര്യമുണ്ടായിരുന്നുള്ളൂ. ഇവിടെ 2000 വാഹനങ്ങൾക്കു കൂടി ഇത്തവണ സൗകര്യമൊരുക്കിയിട്ടുണ്ട്. പമ്പയിൽ മാസപൂജയ്ക്കു മാത്രം ചെറിയ വാഹനങ്ങൾക്ക് പാർക്കിംഗിന് കോടതി അനുമതി നൽകിയിരുന്നു. ഇത് സീസണിലേക്ക് നീട്ടണമെന്ന ബോർഡിന്റെ അഭ്യർത്ഥന കോടതി അംഗീകരിച്ചിട്ടുണ്ട്. പമ്പയിൽ 1500 - 2000 ചെറിയ വാഹനങ്ങൾകൂടി പാർക്ക് ചെയ്യാം.
എരുമേലിയിൽ ബോർഡിന്റെ അഭ്യർത്ഥന മാനിച്ച് ഹൗസിംഗ് ബോർഡ് ആറര ഏക്കറിൽ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.
? റോപ് വേ നിർമ്മാണം എന്നു തുടങ്ങും.
 പത്തുവർഷമായി വനഭൂമി കൈമാറാത്തതിനാൽ (വനഭൂമിക്കു പകരം റവന്യു ഭൂമി വ്യവസ്ഥയിൽ) കുരുങ്ങിക്കിടന്ന റോപ് വേ പദ്ധതിക്ക് പരിഹാരമായിരിക്കുകയാണ്. കൊല്ലം പുനലൂർ ശെന്തുരുണി വനമേഖലയിൽ 4.56 ഹെക്ടർ വനഭൂമി റവന്യുവകുപ്പ് ദേവസ്വം വകുപ്പിന് കൈമാറിയിട്ടുണ്ട്. സാങ്കേതികമായ ചെറിയ നടപടിക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ സീസൺ തീരുന്ന മുറയ്ക്ക് ശിലാസ്ഥാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. 18 മാസംകൊണ്ട് 2.7 കി.മീറ്റർ നീളത്തിൽ റോപ് വേ പൂർത്തിയാക്കും. ചരക്കുനീക്കം മാത്രമല്ല, അടിയന്തര സാഹചര്യങ്ങളിൽ കാർ ആംബുലൻസ് സംവിധാനം ഉൾപ്പെടെയുള്ളതാണ് റോപ് വേ. ചരക്കുനീക്കം മാത്രമായിരുന്നെങ്കിൽ 50 കോടി രൂപയിൽ തീരുമായിരുന്നു. കാർ ആംബുലൻസ് കൂടിയുള്ളതുകൊണ്ടാണ് ചെലവ് 250 കോടിയിലെത്തിയത്.
? ഭാവി വികസന പ്രവർത്തനങ്ങളുടെ രൂപരേഖ...
 നിലയ്ക്കലിൽ ഒരു മാസ്റ്റർപ്ളാൻ തയ്യാറായിട്ടുണ്ട്. ഭാവിയിൽ പാർക്കിംഗും താമസസൗകര്യവും ഉൾപ്പെടെ നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കി മാറ്റണമെന്നാണ് ഹൈപ്പവർ കമ്മിറ്റി മാസ്റ്റർപ്ളാനിൽ പറഞ്ഞിട്ടുള്ളത്. തന്ത്രിമഠവും മേൽശാന്തി മഠവും ഉൾപ്പെടെ അനിവാര്യമായ താമസസൗകര്യങ്ങൾ മാത്രമേ സന്നിധാനത്തു പാടുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. നിലയ്ക്കലിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതി നടപ്പാക്കാൻ ആയിരത്തിലധികം കോടി വേണം. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം മാസ്റ്റർപ്ളാൻ രൂപരേഖയനുസരിച്ച് പദ്ധതി തയ്യാറാക്കാമെന്ന് അറിയിച്ച് ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്. സർക്കാരുമായും ഹൈപ്പവർ കമ്മിറ്റിയുമായും ആലോചിച്ച് കോടതിയുടെയും നിർദ്ദേശമനുസരിച്ചേ തീരുമാനങ്ങളെടുക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.