photo

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനത്തിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ പാർട്ടികൾ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഒറ്റപ്പന വാർഡ് സമരസമിതിയുടെ നേതൃത്വത്തിൽ തീരദേശ റോഡും ഉപരോധിച്ചു. വാർഡ് വിഭജനത്തിനെതിരെ തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധമുയരുന്നത്.

രാവിലെ ഏഴുമണിയോടെ ഒറ്റപ്പന സമരസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വീട്ടമ്മമാർ തീരദേശപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഠിനംകുളം എസ്.ഐ അനൂപിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പു ചെയ്തു. ഒറ്റപ്പന വാർഡ് പഞ്ചായത്ത് അംഗം അൻസിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി സജിത്ത് ഉമ്മർ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം,മുസ്ലിം ലീഗ് പെരുമാതുറ മേഖല ജനറൽ സെക്രട്ടറി ഫസിൽ ഹക്ക്,എസ്.ഡി.പി.ഐ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദിഖ്, മുൻ പഞ്ചായത്ത് അംഗങ്ങളായ നസീഹ സിയാദ്, സഫീദ, വെൽഫെയർ പാർട്ടി വാർഡ് പ്രസിഡന്റ് സക്കീർ തുടങ്ങിയവർ സംസാരിച്ചു. തൊട്ടടുത്ത ദിവസം ഗ്രാമപഞ്ചായത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന തീരുമാനത്തിൽ സമരം താത്കാലികമായി അവസാനിപ്പിച്ചു.

ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഐ.എൻ.ടി.യു.സി നോർത്ത്,തോപ്പിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് അക്രമാസക്തമായി. പൊലീസ് കുറവായതിനാൽ പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇറച്ചുകയറി. കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ ഓഫീസിൽ നിന്നിറക്കിയത്. തുടർന്ന് നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ. അഭയൻ ഉദ്ഘാടനം ചെയ്തു. മോനി ശാർക്കര, നാസ് ഖാൻ,സുനീർ,സുൽഫി, താജിർ, റിനാദ് റഹീം, നായീം, തൗഫീഖ്, ബൈജു, ഷഹീൻ ഷാ, മുനീർ,ഷഹീർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ മുസ്ലിംലീഗ് മുൻ സംസ്ഥാന കൗൺസിൽ അംഗം പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. പെരുമാതുറ മേഖലാ പ്രസിഡന്റ് ഷാഫി പെരുമാതുറ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ചാനാങ്കര എം.പി കുഞ്ഞ് ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, സജീബ് പുതുക്കുറിച്ചി തുടങ്ങിയവർ സംസാരിച്ചു.

പി.ഡി.പി ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഡബ്ല്യു.ഐ.എം സംസ്ഥാന പ്രസിഡന്റ് ശശികുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് സിയാസ് മുസ്‌ലിയാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നടയറ ജബ്ബാർ, ഷാഫി ഇല്യാസ്, ബീമാപള്ളി റൗഫ് തുടങ്ങിയവർ പങ്കെടുത്തു.

തീരദേശ മേഖലയിലുള്ള ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, മുതലപ്പൊഴി വാർഡുകളുടെ അതിർത്തിയിൽ മാറ്രം വരുത്തുന്നതാണ് പുതിയ കരട് നിർദ്ദേശം. നിലവിൽ പെരുമാതുറ മേഖലയിൽ മൂന്ന് വാർഡുകൾ ഉണ്ടായിരുന്നത് രണ്ടായി. കൂടാതെ താഴംപള്ളിയിലെ ഒരു വാർഡ് കൂടി പെരുമാതുറ മേഖലയിലെ വാർഡുമായി ലയിപ്പിച്ചു. പെരുമാതുറ വാർഡ് അതിർത്തിയും പൊഴിക്കര വാർഡ് അതിർത്തിയും തമ്മിൽ 5 കിലോമീറ്റർ വിസ്തൃതി വരും. കൂടാതെ തീരദേശമേഖലയിലെ ഒറ്റപ്പന, മുതലപ്പൊഴി വാർഡുകൾ കരടുരേഖ പ്രകാരം ഒഴിവാക്കാനാണ് നീക്കം. ഇതിനെതിരെയായിരുന്നു പ്രതിഷേധം.