p

തിരുവനന്തപുരം: സംസ്ഥാനം തുക വർദ്ധിപ്പിച്ചില്ലെങ്കിൽ പദ്ധതിപ്രകാരമുള്ള സ്കൂൾ ഉച്ചഭക്ഷണം നിറുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് പ്രഥമാദ്ധ്യാപകരുടെ മുന്നറിയിപ്പ്.

പാചകവാതകത്തിന്റേയും സാധനങ്ങളുടേയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്രം തുക വർദ്ധിപ്പിച്ചിട്ടുണ്ട്. ലോവർ പ്രൈമറി വിഹിതം കുട്ടി ഒന്നിന് ആറ് രൂപയായിരുന്നത് 6.19 രൂപയായും അപ്പർ പ്രൈമറിക്ക് 8.17 രൂപ 9.19 രൂപയായുമാണ് വർദ്ധിപ്പിച്ചത്. ഉച്ചഭക്ഷണത്തിന് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. പോഷകാഹാര വിഹിതം സംസ്ഥാനത്തിന്റേതാണ്. ഏഴുരൂപ വിലയുള്ള മുട്ടയ്ക്ക് ആറുരൂപയും പാൽ ലിറ്രറിന് 58 രൂപയുള്ളപ്പോൾ 52 രൂപയുമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. സെപ്തംബറിലെയും ഒക്ടോബറിലെയും തുക ലഭിച്ചിട്ടുമില്ല.

പാചകത്തൊഴിലാളികളുടെ ശമ്പളവും രണ്ട് മാസത്തിലേറെയായി മുടങ്ങിയിരിക്കുകയാണ്.

പ്രൈമറി മേഖലയിൽ 100 കുട്ടികൾക്ക് താഴെയുള്ള സ്‌കൂളുകളിൽ പ്രതിസന്ധി രൂക്ഷമാണ്. ഉച്ചഭക്ഷണ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും ഇതര സംസ്ഥാനങ്ങളിലേതുപോലെ അംഗീകൃത ഏജൻസികളെ ഏൽപ്പിക്കണമെന്നുമാണ് പ്രഥമാദ്ധ്യാപകരുടെ ആവശ്യം.

ഉച്ചഭക്ഷണ ചുമതല കാരണം പ്രഥമാദ്ധ്യാപകർക്ക് അക്കാഡമിക് കാര്യങ്ങളിൽ ശ്രദ്ധിക്കാനാവുന്നില്ലെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്രേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, പ്രസിഡന്റ് പി.കൃഷ്‌ണപ്രസാദ് എന്നിവർ പറഞ്ഞു.

ഉച്ചഭക്ഷണവിഷയത്തിൽ അസോസിയേഷൻ നൽകിയ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.