
ആറ്റിങ്ങല്‍: സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചേരാതെ വാഹന ഗതാഗതം വഴി തിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭയിൽ നിന്ന് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി. അപകടത്തെ തുടർന്ന പൊലീസ് കച്ചേരി നടവഴി സ്വകാര്യ ബസ് തിരിച്ചു വിട്ടു. എന്നാൽ ഡിവൈ.എസ്.പി വിളിച്ചു ചേർത്ത യോഗത്തിൽ സർവീസ് പഴയ പടിയാക്കി. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സ്വകാര്യ ബസ് തടയുകയും ബസുടമകൾ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു. ട്രാഫിക് അഡ്വൈസറി കമ്മറ്റിയുടെ അനുമതി ഇല്ലാതെ പാലസ് റോഡില്‍ തന്നിഷ്ടത്തിന് നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്ക്കാരങ്ങള്‍ ഉടന്‍ നിറുത്തലാക്കണമെന്ന് നഗരസഭാ യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നേതാവ് പി. ഉണ്ണികൃഷ്ണനാണ് സഭയില്‍ വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ ഉടൻതന്നെ ട്രാഫിക് അഡ്വൈസറി കമ്മറ്റി വിളിച്ചുകൂട്ടാമെന്നും പ്രശ്നങ്ങൾക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് പ്രതിക്ഷേധം ശക്തമായതോടെ സഭാ അദ്ധ്യക്ഷന്‍റെ ചാര്‍ജ്ജ് വഹിച്ചിരുന്ന വൈസ്ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള ട്രാഫിക് അഡ്വൈസറി കമ്മിറ്റി വിളിച്ചുകൂട്ടാമെന്നും വണ്‍വേ തീരുമാനം നടപ്പിലാക്കാമെന്നും സഭയെ അറിയച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍ നായര്‍, ജി.ശങ്കര്‍, കെ.ജെ. രവികുമാര്‍, എ. രമാദേവിഅമ്മ, കെ.സതി തുടങ്ങിയവര്‍ സഭ ബഹിഷ്കരിച്ച് സഭാകവാടത്തിനുമുന്നില്‍ പ്രതിഷേധിച്ചു.