p

തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ വിഭജനവുമായി ബന്ധപ്പെട്ട പരാതികൾ പെരുകുന്നു.നാളെക്കൂടി പരാതിനൽകാൻ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. പരാതി നൽകാനുള്ള സമയം ഇന്ന് തീരാനിരിക്കെ, വിവിധ കോണുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് ഒരുദിവസം നീട്ടിയത്. വാർഡ് പുനർണ്ണനിർണ്ണയത്തിന്റെ ഒന്നാം ഘട്ടം ജനുവരിയിലും അന്തിമപട്ടിക ജൂണിനുമുമ്പും പ്രസിദ്ധീകരിക്കാനാണ് കമ്മിറ്റിയുടെ ശ്രമം. അടുത്ത വർഷം അവസാനമാണ് തദ്ദേശതിരഞ്ഞെടുപ്പ്.

ജനസംഖ്യാ ആനുപാതികമായി വാർഡുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിഭജനമാണ് നടക്കുന്നത്.

പല വാർഡുകളും പുനർനിർണ്ണയത്തിൽ ഇല്ലാതായി.പലതും വെട്ടിമുറിക്കപ്പെട്ടു. ഇതിനെതിരെ പരാതി വ്യാപകമാണ്.വാർഡ് വിഭജനം നടത്തിയതിലെ യുക്തിയാണ് ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് പ്രധാന ആക്ഷേപം.

കോർപറേഷൻ,ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വാർഡ് പുനർനിർണ്ണയത്തിന്റെ കരട് പട്ടിക നവംബർ 16ന് പ്രസിദ്ധീകരിച്ചിരുന്നു.ഇതിൻമേലുള്ള ആക്ഷേപങ്ങളാണ്

രാഷ്ട്രീയ പാർട്ടികളുടേയും പൊതുജനങ്ങളുടേയും പരാതികളായി എത്തുന്നത്. തദ്ദേശവാർഡുകളുടെ എണ്ണം 19489ൽ നിന്ന് 20999ആയാണ് പുനർനിർണ്ണയിച്ചത്.ഇതാദ്യമായാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാർഡ് പുനർനിർണ്ണയം നടത്തുന്നത്.

നാളെ വരെ ലഭിക്കുന്ന പരാതികൾ തരംതിരിച്ച് വസ്തുതാപരമായപരാതികൾ ജില്ലാകളക്ടർമാർക്ക് കൈമാറും.അതിൻമേൽ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും.ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ഡീലിമിറ്റേഷൻ കമ്മിറ്റി വിശദമായിപരിശോധിച്ച് ആവശ്യമെങ്കിൽ നേരിട്ട് ഹിയറിംഗ് നടത്തും. അതിന് ശേഷം സുതാര്യമായ രീതിയിലായിരിക്കും അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. ഇതെല്ലാം ജനുവരിയോടെ പൂർത്തിയാക്കാനാണ് ശ്രമം. അതിന് ശേഷമാണ് രണ്ടാം ഘട്ടമായി ബ്ളോക്ക്,ജില്ലാപഞ്ചായത്ത് വാർഡുകളുടെ പുനർനിർണ്ണയ നടപടികളിലേക്ക് കടക്കുക.