തിരുവനന്തപുരം;ഏരിയ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടതോടെ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ സി.പി.എം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്ക് മുന്നിൽ വഴിയടച്ച് പാർട്ടി.
ഇന്നലെ ചേർന്ന അടിയന്തര സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മധുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ തീരുമാനിച്ചു. മംഗലപുരം സമ്മേളനം തിരഞ്ഞെടുത്ത ഏരിയ കമ്മിറ്റി അംഗമാണ് മധു. അതിനാൽ പുറത്താക്കലിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണം. ജില്ല സെക്രട്ടേറിയറ്റിന്റെ ശുപാർശ സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ തീരുമാനിച്ചു.
പുറത്താക്കാൻ തീരുമാനിച്ചതോടെ ബി.ജെ.പിയിലേക്കെന്ന് സൂചന നൽകി മധു രംഗത്തെത്തി. കോൺഗ്രസ്, ബി.ജെ.പി നേതാക്കളുമായി സംസാരിച്ചെന്നും ഏതു പാർട്ടിയിലേക്കാണെന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും മധു പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിലാണ് മധുവിനെ പുറത്താക്കാൻ തീരുമാനമെടുത്തത്. പ്രതിനിധി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത് നടപടിക്രമം അനുസരിച്ച് ഗുരുതരമായ കുറ്റമാണ്. നേതാക്കൾക്കെതിരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം നടത്തിയതും അച്ചടക്ക ലംഘനമാണ്. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തര സെക്രട്ടേറിയറ്റിൽ മധുവിനെ പുറത്താക്കാൻ തീരുമാനമെടുത്ത്.
ജില്ലയിൽ സി.പി.എമ്മിന് 19 ഏരിയ കമ്മിറ്റികളാണുള്ളത്. അതിൽ 17 സമ്മേളനവും പൂർത്തീകരിച്ചു. പ്രതിനിധികളുടെ ചർച്ചകളിൽ ഉയർന്നുവരാറുള്ള വിമർശനങ്ങൾക്കപ്പുറം സംഘടനാപരമായ പ്രശ്‍നങ്ങളൊന്നും മറ്റിടങ്ങളിൽ ഉണ്ടായിരുന്നില്ല. ചില സമ്മേളനങ്ങളിൽ വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. എന്നാൽ അവിടെയൊന്നും ഉണ്ടാകാത്ത വിഭാഗീയതയാണ് മംഗലപുരത്ത് ഉണ്ടായതെന്നാണ് വിലയിരുത്തിയത്.

മംഗലപുരത്ത് ഏരിയ സെക്രട്ടറിയെ മാറ്റുമെന്ന് സമ്മേളനത്തിന് മുൻപ് പാർട്ടി നേതൃത്വം പറഞ്ഞെങ്കിലും പിന്നീട് അതുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഇതോടെ താൻ തുടരുമെന്ന വിശ്വാസത്തിലായിരുന്നു മധു. എന്നാൽ മധുവിനെ മത്സരിപ്പിച്ച് തോൽപ്പിക്കാനുള്ള നീക്കം പാർട്ടി നടത്തി. മധുവിനൊപ്പം ഉണ്ടായിരുന്നവരെപോലും അവസാനനിമിഷം നേതൃത്വത്തിനൊപ്പം എത്തിച്ചാണ് മധുവിന്റെ വോട്ട് കുറച്ചത്. ഇതോടെയാണ് മധുവിന് ലഭിച്ച വോട്ട് അഞ്ചായി കുറഞ്ഞത്. ജില്ലാ നേതൃത്വം പിന്തുണ നൽകിയ ജലീലിന് 16 വോട്ടും ലഭിച്ചിരുന്നു.


ആർക്കും ഏതു പാർട്ടിയിലേക്കും പോകാം: വി.ജോയി

പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരാൾ ഉന്നയിക്കുന്ന അപവാദ പ്രചാരണം മാത്രമാണ് മുല്ലശ്ശേരി മധുവിൽ നിന്നുണ്ടായതെന്നും ആർക്കും ഏതുപാർട്ടിയിലേക്കും പോകാമെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിലെ ഏരിയ കമ്മിറ്റിയുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും പാനൽ അവതരിപ്പിച്ചത് മധുവാണ്. തിരഞ്ഞെടുപ്പിലൂടെയാണ് ജലീൽ സെക്രട്ടറിയായത്. മധു പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് മധു ഇറങ്ങിപ്പോയത്. മാദ്ധ്യമങ്ങളോട് പറഞ്ഞതെല്ലാം സത്യവിരുദ്ധമായ കാര്യങ്ങളാണ്. മധുവിനൊപ്പം പോകാൻ ആരും ഉണ്ടാകില്ലെന്നും വി.ജോയി പറഞ്ഞു.

തിരികെ പാർട്ടിയിലേക്കില്ല : മധു മുല്ലശ്ശേരി

എന്റെ കൂടെ പാർട്ടിവിടാൻ മകൻ പോലും ഉണ്ടാകില്ലെന്നാണ് ചില നേതാക്കൾ പറയുന്നതെന്നും, ആരൊക്കെയുണ്ടാകുമെന്ന് കാണാമെന്നും മധു മുല്ലശ്ശേരി പറഞ്ഞു. മാറി നിൽക്കരുതെന്ന് സി.പി.എം സംസ്ഥാന നേതാക്കളിൽ പലരും ബന്ധപ്പെട്ടിട്ടുണ്ട് . എന്നാൽ ഇനി പാർട്ടിയിലേക്ക് മടക്കമില്ല. മുൻപ് പല ജില്ലകളിൽ നിന്നും സി.പി.എമ്മുകാർ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. അതുകൊണ്ട് ബി.ജെ.പിയിലേക്ക് പോകുന്ന ആദ്യ സി.പി.എം കാരനാകില്ല താനെന്നും മധു മുല്ലശ്ശേരി പറഞ്ഞു.