തിരുവനന്തപുരം: ജീവനക്കാർ ലീവെടുത്ത് പ്രതിഷേധിച്ചതിന് പിറ്റേന്ന് സി.പി.എം ഉപരോധ സമരം നടത്തിയ കടകംപള്ളി വില്ലേജ് ഓഫീസിൽ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റി. അകാരണമായി ലീവെടുത്ത് ഓഫീസ് പ്രവർത്തനം മുടക്കിയത് സംബന്ധിച്ച് തഹസിൽദാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വില്ലേജ് അസിസ്റ്റന്റുമാരായ നോബിൾ,ശ്രീകുമാർ,അഭിജിത്ത് എന്നിവരെയാണ് ജില്ലാകളക്ടർ സ്ഥലം മാറ്റിയത്. പകരം മറ്റൊരു ജീവനക്കാരനെ നിയമിച്ചു. മറ്റു 2 ജീവനക്കാർ കൂടി ഉടനെത്തും, വെള്ളി,ശനി ദിവസങ്ങളിൽ തുടർച്ചയായി പ്രവർത്തനം മുടങ്ങിയ വില്ലേജ് ഓഫീസ് ഇന്നലെ തുറന്ന് പ്രവർത്തിച്ചു. വില്ലേജ് ഓഫീസർ ഇന്നലെ ഹാജരായിരുന്നു. കരമൊടുക്കൽ, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഇന്നലെ നടന്നു.
ധർണ നടത്തി
കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞുവച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സമാധാനപരമായി ജോലി ചെയ്യാൻ വേണ്ട സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.എസ്.രാഘേഷ് അദ്ധ്യക്ഷനായി. ആർ.എസ്.പ്രശാന്ത് കുമാർ,അരുൺ ജി.ദാസ്,ഷമ്മി എസ്.രാജ്,എസ്.വി.ബിജു,നീതിഷ് കാന്ത്,ഷൈൻ കുമാർ ബി.എൻ,ഷിബി എൻ.ആർ,ലിജു എബ്രഹാം,അനൂജ് രാമചന്ദ്രൻ,സമീർ,സുരേഷ് കുമാർ,റിനി രാജ്,അനസ്.വി.ജെ,സെക്രട്ടറി ജോർജ്ജ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.