s

ചെന്നൈ: കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴുപേർ മരിച്ചു. 12 മണിക്കൂറിലേറെ നടന്ന രക്ഷാപ്രവർത്തനത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ജീവനറ്റ നിലയിലാണ് കണ്ടെത്തിയത്. അണ്ണാമലൈയാറിലെ വി.ഒ.സി. നഗറിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ഉരുൾപൊട്ടിയത്.

കൂറ്റൻ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും മണ്ണുമാന്തി യന്ത്രങ്ങൾക്ക് എത്താനാകാത്ത സാഹചര്യം തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ പേമാരിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരിച്ചവരുടെ എണ്ണം 21 ആയി.

ഇതിനിടെ, കൃഷ്ണഗിരിയിൽ ബസുകൾ ഉൾപ്പെടെ ഇരുപതിലേറെ വാഹനങ്ങൾ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു. പുതുച്ചേരിയിൽ വെള്ളപ്പൊക്കത്തിൽ 600 പേരെ രക്ഷപ്പെടുത്തി. ദുരിതബാധിതർക്ക് സൈന്യം അടിയന്തര ഭക്ഷണവും വെള്ളവും വൈദ്യസഹായവും നൽകി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ചെന്നൈയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പരിശോധിച്ചു.

വിഴുപുരം (വില്ലുപുരം) ജില്ലയിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഒറ്റ ദിവസം കൊണ്ട് 50 സെന്റീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ ഒറ്റദിവസം കൊണ്ട് ഇത്രയും മഴ ലഭിക്കുന്നത് ഇപ്പോഴാണ്. പ്രധാന ബസ് ഡിപ്പോയും 100ലധികം വീടുകളും വെള്ളത്തിലായിട്ടുണ്ട്. കാറുകൾ ഒഴുകിപ്പോയി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മേൽനോട്ടത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം നടക്കുന്നത്.

തമിഴ്നാടിനു മുകളിൽ ശക്തി കുറഞ്ഞ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്,വടക്കൻ കേരളത്തിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദമായി ഇന്നലെ രാത്രിയോടെ അറബിക്കടലിൽ പ്രവേശിക്കാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.