തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി ആവിഷ്കരിച്ച സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം നിക്ഷേപ പദ്ധതിക്ക് സ്വീകാര്യതയേറുന്നു. വിദ്യയോടൊപ്പം സമ്പാദ്യവും എന്ന ആശയവുമായി ധനകാര്യം,പൊതു വിദ്യാഭ്യാസം,സംസ്ഥാന ട്രഷറി വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ സംസ്ഥാനത്തെ 1800ലധികം സ്കൂളുകളിലായി ഒരു ലക്ഷത്തിൽപ്പരം കുട്ടികളെ അംഗങ്ങളാക്കി കഴിഞ്ഞു. സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ പ്ളസ്ടു വരെയുള്ള കുട്ടികൾക്ക് സ്കീമിൽ ചേരാം.വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ആവശ്യമുള്ളപ്പോഴോ,സ്കൂളിൽ നിന്ന് പിരിഞ്ഞുപോകുമ്പോഴോ തുക പിൻവലിക്കാവുന്നതാണ്. നിക്ഷേപങ്ങൾക്ക് ട്രഷറി സേവിംഗ് നിരക്കിലുള്ള പലിശ ലഭിക്കും. നിക്ഷേപത്തിലൊരുഭാഗം സ്ഥിര നിക്ഷേപമാക്കുന്നതിലൂടെ ലഭിക്കുന്ന അധിക പലിശ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്.