വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും മൂലമാണ് അപകടങ്ങൾ വർദ്ധിക്കുന്നത്. പൊൻമുടിയിലെത്തുന്ന യുവസംഘങ്ങളടക്കം അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. അനവധി അപകടങ്ങളും അപകടമരണങ്ങളും അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയിൽ കാൽനടയാത്രക്കാരും വലയുകയാണ്. പൊൻമുടിയിലെത്തുന്നവർ കാൽനടയാത്രികരെ ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞ സംഭവവുമുണ്ട്. കഴിഞ്ഞദിവസം അപകടകരമായ നിലയിൽ കാറിൽ സഞ്ചരിച്ച സംഘത്തെ പൊലീസ് പിടികൂടി. മുൻപും സമാനമായ സംഭവമുണ്ടായിട്ടുണ്ട്.
തിരക്കേറി, അപകടവും വർദ്ധിച്ചു
പ്രതികൂല കാലാവസ്ഥയാണെങ്കിലും പൊൻമുടിയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. അവധി ദിവസങ്ങളിലാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ഈ ദിവസങ്ങളിൽ പൊൻമുടിയും പരിസരവും വാഹനങ്ങൾ നിറഞ്ഞ് പൊൻമുടി റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുക പതിവാണ്. തിരക്കിനിടയിൽ അപകടങ്ങളും നടക്കുന്നുണ്ട്.അടുത്തിടെ പൊൻമുടിയിൽ കാർ മറിഞ്ഞ് ആറ് പേർക്ക് പരിക്കേറ്റിരുന്നു. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘത്തിന്റെ കാർ ഇടിച്ച് ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. കല്ലാറിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു.ഗോൾഡൻവാലിക്കു സമീപവും ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഹൈവേ പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും അമിതവേഗക്കാരുടെ പേരിൽ നടപടികൾ സ്വീകരിക്കാറില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
മഞ്ഞണിഞ്ഞ് മാമല
വൃശ്ചികമാസം പിറന്നതോടെ വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി മൂടൽമഞ്ഞിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. മിക്കദിനങ്ങളിലും മഴയുമുണ്ട്. കാലാവസ്ഥയിൽ വ്യതിയാനം വന്നതോടെ പൊൻമുടിയിൽ തിരക്കും വർദ്ധിച്ചു. സഞ്ചാരികളുടെ എണ്ണം കൂടിയത് വനംവകുപ്പിനും അനുഗ്രഹമായി. പാസിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.എന്നാൽ പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ കയറി നിൽക്കാൻ ഇടമില്ലാതെ മഴയത്ത് നനയുന്നുണ്ട്.