വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ ഹെലികോപ്ടറും ഹെലിപ്പാഡും വരുമെന്ന ശുഭപ്രതീക്ഷയിലാണ് നാട്ടുകാരും ടൂറിസ്റ്റുകളും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം കേന്ദ്രങ്ങളിൽ ബ്രഹദ് പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹെലിടൂറിസം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമികളായ പൊൻമുടിയും മൂന്നാറും ഉൾപ്പെടെ കേരളത്തിലെ 11 ടൂറിസം മേഖലകളിലാണ് ഹെലികോപ്ടർ ടൂറിസം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ആദ്യം കേന്ദ്രസർക്കാരിന്റെ അനുമതി തേടണം.വനമേഖലയായതിനാൽ വന്യമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.കാടിന് മുകളിലൂടെ ഹെലികോപ്ടർ പറത്തിയാൽ ശബ്ദം കേട്ട് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുമെന്ന് വനംവകുപ്പ് പറയുന്നു.
മാറിമാറിവരുന്ന സർക്കാരുകൾ പൊൻമുടിയെ അവഗണിക്കുകയാണെന്ന പരാതി ഉയർന്നിട്ട് കാലങ്ങളേറെയായി. ബഡ്ജറ്റിൽ കോടിക്കണക്കിന് രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഭൂരിഭാഗവും കടലാസിലൊതുങ്ങും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഹെലിപാഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ബഡ്ജറ്റിൽ കോടികൾ വകയിരുത്തിയെങ്കിലും നടപ്പായില്ല.
പ്രഖ്യാപനം വെറുതെ
എൽ.ഡി.എഫ് സർക്കാരാകട്ടെ ഇവിടെ റോപ്പ് വേ നിർമ്മിച്ച് സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിച്ച് കോടികളുടെ വിദേശനാണ്യം കൊയ്യുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനായി ബഡ്ജറ്റിൽ തുക വകയിരുത്തി എട്ട് വർഷമായിട്ടും ഒന്നുമായില്ല.
അടിസ്ഥാനസൗകര്യങ്ങളില്ല
പൊൻമുടിയിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭ്യമാകാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ്. മഴയത്ത് കയറിനിൽക്കാൻ ഒരു കാത്തിരിപ്പുകേന്ദ്രവും പൊൻമുടിയിൽ നിമ്മിച്ചിട്ടില്ല. ഡി.കെ.മുരളിയുടെ ശ്രമഫലമായി പൊൻമുടിയിൽ അടുത്തിടെ ഒരു പൊലീസ് സ്റ്റേഷൻ നിർമ്മിച്ചിരുന്നു.
വികസനമില്ലെങ്കിലും ടൂറിസ്റ്റുകളെ പാസ് എന്ന പേരിൽവനംവകുപ്പ് പിഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
പൊൻമുടി സന്ദർശന ഫീസും വാഹനപാർക്കിംഗ് ഫീസും കൂട്ടാൻ തീരുമാനമെടുത്തെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ നടപ്പിലാക്കാനായില്ല.
ഹെലിടൂറിസം പദ്ധതിയുമായി മുന്നോട്ട്
സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.പൊൻമുടിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഹെലിടൂറിസം പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. നേരത്തേ പൊൻമുടി സന്ദർശനം നടത്തിയപ്പോഴും അനവധി വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൊൻമുടിയിലേക്കുള്ള റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.