
റെയിൽവേയിൽ അംഗീകൃത യൂണിയനെ തിരഞ്ഞെടുക്കുന്നതിനായി ഇന്നു മുതൽ ആറാം തീയതി വരെ നടക്കുന്ന ഹിതപരിശോധനയിൽ (റഫറണ്ടം) 14 ലക്ഷം ജീവനക്കാർ പങ്കാളികളാവുകയാണ്. ദേശീയതലത്തിൽ റെയിൽവേ സംഘടനയുടെ ശക്തി പ്രസക്തമാണ്. മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന, കെട്ടുറപ്പുള്ള സംഘടനാ സംവിധാനം റെയിൽവേ ജീവനക്കാർക്കുണ്ട്.
ആകെ വോട്ടിന്റെ 30 ശതമാനം ലഭിക്കുന്ന യൂണിയനാണ് അംഗീകാരം ലഭിക്കുക. ഇത് ഒരു യൂണിയനും ലഭിക്കുന്നില്ലെങ്കിൽ പോൾചെയ്ത വോട്ടിന്റെ 35 ശതമാനം ലഭിക്കുന്ന യൂണിയനുകളും, അതുമില്ലെങ്കിൽ 20 ശതമാനം വോട്ട് ലഭിക്കുന്ന യൂണിയനും അംഗീകാരം നൽകും. 20 ശതമാനം വോട്ട് നേടുന്ന ഒന്നിലധികം യൂണിയനുകളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാകും തിരഞ്ഞെടുപ്പ്. ഇത്തവണ, 15 ശതമാനം വോട്ട് ലഭിക്കുന്ന യൂണിയനുകൾക്ക് നോട്ടീസ് ബോർഡ് സ്ഥാപിക്കാനും, ജോലിയുടെ ഇടവേളയിൽ യോഗം ചേരാനും അനുമതി ലഭിക്കും. രാജ്യത്ത്, 17 റെയിൽവേ സോണുകളുടെ അടിസ്ഥാനത്തിലാണ് ഹിതപരിശോധന. മോദി ഭരണത്തിൽ റെയിൽവേ സ്വകാര്യവത്കരണം ദ്രുതഗതിയിൽ നടക്കുന്നതും ആസ്തിവിൽപ്പനയും ജീവനക്കാരുടെ പ്രശ്നങ്ങളും ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങളാണ്.
രാഷ്ട്രീയത്തിന് അതീതമായി ജീവനക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ ഏറ്റെടുത്താണ് അഖിലേന്ത്യാ റെയിൽവേ ഫെഡറേഷൻ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ ശക്തമായ സമ്മർദ്ദം ചെലുത്താനും അവർക്കായി. അതുകൊണ്ടു കൂടിയാണ് സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് ശമ്പളത്തിന്റെ 50 ശതമാനം തുക പെൻഷനായി നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്. ഇതിനു പുറമേ ഗ്രാറ്റുവിറ്റിയിലും കുടുംബ പെൻഷൻ വിഷയത്തിലും മാറ്റമുണ്ടാകണമെന്നാണ് ഫെഡറേഷൻ ആവശ്യപ്പെടുന്നത്.
റെയിൽവേ തൊഴിലാളികളുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് 1925 ഫെബ്രുവരി 16-ന് സ്ഥാപിതമായ, പത്തുലക്ഷത്തിലേറെ അംഗങ്ങളുള്ള ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ (എ.ഐ.ആർ.എഫ്). സോഷ്യലിസ്റ്റ് ട്രേഡ് യൂണിയൻ കേന്ദ്രമായ ഹിന്ദ് മസ്ദൂർ സഭയുമായി സംഘടനയെ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
1947 മുതൽ 1953 വരെ സോഷ്യലിസ്റ്റ് നായകൻ ജയപ്രകാശ് നാരായൺ ആയിരുന്നു യൂണിയന്റെ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് നേതാവ് ജ്യോതി ബസു വൈസ് പ്രസിഡന്റായിരുന്നു. മുൻ എ.ഐ.ആർ.എഫ് പ്രസിഡന്റുമാരിൽ വി.വി ഗിരി, പീറ്റർ അൽവാറസ്, ജോർജ് ഫെർണാണ്ടസ്, പ്രിയ ഗുപ്ത എന്നിവരും ഉൾപ്പെടുന്നു. ഇപ്പോൾ പ്രസിഡന്റ് എൻ. കണ്ണയ്യയും ജനറൽ സെക്രട്ടറി ശിവഗോപാൽ മിശ്രയുമാണ് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.
എ.ഐ.ആർ.എഫിനെതിരെ 1955-ൽ കോൺഗ്രസ് രൂപീകരിച്ച ഇന്ത്യൻ നാഷണൽ റെയിൽവേ വർക്കേഴ്സ് ഫെഡറേഷനും രംഗത്തുണ്ട്. 2002-ൽ അന്നത്തെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അനുബന്ധ സംഘടനയായ ഭാരതീയ മസ്ദൂർ സംഘിന് ഏകപക്ഷീയമായി അംഗീകാരം നൽകാനുള്ള തീരുമാനം കോടതിയിൽ ചോദ്യചെയ്യപ്പെട്ടതിനെ തുടർന്നാണ് 2007-ൽ ആദ്യ ഹിതപരിശോധന നടന്നത്. അന്ന് 16 സോണുകളിൽ എ.ഐ.ആർ.എഫ് അംഗീകാരം നേടി. ഐ.എൻ.ടി.യു.സിയുമായി അഫിലിയേറ്റ് ചെയ്ത എൻ.എഫ്.ഐ.ആർ ഒൻപതു സോണിൽ അംഗീകാരം നേടി. 2013-ൽ നടന്ന രണ്ടാമത്തെ ഹിതപരിശോധനയിൽ എ.ഐ.ആർ.എഫ് 16 സോണുകളിൽ വിജയം നിലനിറുത്തി. കോൺഗ്രസ് യൂണിയൻ അന്ന് പന്ത്രണ്ടിടത്താണ് അംഗീകാരം നേടിയത്.
1974 മേയ് എട്ടിന് ശമ്പളപരിഷ്കരണം, എട്ടുമണിക്കൂർ ജോലിസമയം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ തൊഴിലാളി ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തത് ഇന്ത്യൻ റെയിൽമെൻ ഫെഡറേഷനാണ്. ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന സമരം ഇരുപതു ദിവസം നീണ്ടുനിന്നു.
അദ്ദേഹവും മറ്റു നേതാക്കളും അറസ്റ്റിലായെങ്കിലും 70 ശതമാനം തൊഴിലാളികളെങ്കിലും പണിമുടക്കിയത് രാജ്യത്തെ സ്തംഭിപ്പിച്ചു. അർദ്ധസൈനിക സേനയെ ഇറക്കി ക്രൂരമായ അടിച്ചമർത്തലിന് അന്നത്തെ കേന്ദ്ര സർക്കാർ ശ്രമിച്ചുവെങ്കിലും ഫെഡറേഷൻ പിന്മാറിയില്ല. അടിയന്തരാവസ്ഥയിലേക്കും അതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളിലേക്കും വഴിയൊരുക്കിയതും, പിന്നീടുള്ള സമരപോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നതും ഈ സമരമായിരുന്നു.
(ഓൾ ഇന്ത്യ റെയിൽമെൻസ് ഫെഡറേഷനിലെ ദക്ഷിണറെയിൽവേ മസ്ദൂർ യൂണിയൻ അസി.ജനറൽ സെക്രട്ടറിയാണ് ലേഖകൻ)