hilly

തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് കേരളത്തിന്റെ ദാഹമകറ്റുന്ന ഹില്ലി അക്വ കടൽ കടക്കാനൊരുങ്ങുന്നു. കസ്റ്രംസ് ക്ലിയറൻസ് ലഭിച്ചാൽ അടുത്തയാഴ്ചയോടെ 1.5 ലിറ്ററിന്റെ 22,000 ലിറ്ററോളം അടങ്ങിയ ഒരു കണ്ടെയ്നർ വെള്ളം യു.എ.ഇയിലെത്തുമെന്ന് ഹില്ലി അക്വ അസി. മാർക്കറ്റിംഗ് മാനേജർ വിഷ്ണു സൂര്യ അറിയിച്ചു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും യു.എ.ഇ ആസ്ഥാനമായുള്ള അരോണ ജനറൽ ട്രേഡിംഗ് എൽ.എൽ.സിയും തമ്മിൽ ഇത് സംബന്ധിച്ച ധാരണാപത്രം മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ ഒക്ടോബർ ഒന്നിന് ഒപ്പിട്ടിരുന്നു. ആറ് ജി.സി.സി രാജ്യങ്ങളിൽ വിതരണം ചെയ്യാനാണ് കമ്പനി കരാറേറ്റെടുത്തിരിക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ് ലഭിച്ചാലുടൻ 1.5 ലിറ്റർ പാക്കേജും തൊട്ടുപിന്നാലെ അര ലിറ്റർ, 5 ലിറ്റർ, 20 ലിറ്റർ പാക്കേജിലുള്ള കുടിവെള്ളവും ഗൾഫ് രാജ്യങ്ങളിലെത്തും. വിഴിഞ്ഞം പോർട്ടിലൂടെ കൂടുതൽ ഉത്പന്നം കയറ്റുമതി ചെയ്യാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര വ്യാപാരമേളയിലെത്തിയ സംരംഭകരാണ് ഹില്ലി അക്വ വിദേശത്ത് എത്തിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന നാടുകളിലേക്ക് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡഡ് കുടിവെള്ളം എത്തുന്നുവെന്നതാണ് പ്രത്യേകത.

ഉത്പാദനം ഇരട്ടിയാക്കും

തൊടുപുഴ, അരുവിക്കര പ്ലാന്റുകളിൽ ഒരു ഷിഫ്റ്റിൽ പ്രതിദിനം 78,000 കുപ്പിവെള്ളമാണ് (2500 കെയ്സ്) ഉത്പാദിപ്പിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളാക്കി 4000 കെയ്സിന് മുകളിൽ ഉത്പാദിപ്പിക്കും. ഇതിനായി തൊടുപുഴയിൽ അഡിഷണൽ പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കുന്നതിനും അരുവിക്കരയിൽ ജലശുദ്ധീകരണം ഇരട്ടിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 2025 ഏപ്രിൽ, മേയ് മാസത്തോടെ ഇത് പൂർത്തിയാക്കാനാണ് നീക്കം.

 കയറ്റുമതിയിലൂടെ 30 ശതമാനം വരുമാന വർദ്ധനവ്

 3 വർഷത്തേക്ക് കരാർ

 ആഴ്ചയിൽ കുറഞ്ഞത് 25,000 ലിറ്റർ

 ഈ വർഷം ഇതുവരെയുള്ള വരുമാനം 8.83 കോടി

 കഴിഞ്ഞ വർഷം 5.22 കോടി