
കിളിമാനൂർ: കാരേറ്റ് വികസനം കാത്ത് കഴിയാൻ തുടങ്ങിയിട്ട് നാളേറെയായി. സംസ്ഥാന പാതയിൽ കിളിമാനൂരിനും വെഞ്ഞാറമൂട്ടിനും ഇടയിലുള്ള പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളെത്തുന്ന ഇവിടെ യാത്രക്കാർക്കായി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ല. മഴ പെയ്താൽ കടത്തിണ്ണയിൽ കയറി നിൽക്കണം. സംസ്ഥാനപാതയിൽ വികസനം വന്നിട്ടും റോഡിന്റെ വീതി കൂട്ടിയിട്ടുമില്ല. അനധികൃത നിർമ്മാണം മൂലം പല കടകളുടെ മേൽക്കൂരകളും റോഡിലേക്ക് തള്ളി നിൽക്കുകയാണ്. താരതമ്യേന വീതി കുറഞ്ഞ റോഡിൽ നിറുത്തിയാണ് കെ.എസ്.ആർ.ടി.സി ബസുൾപ്പെടെയുള്ള വാഹനങ്ങൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കല്ലറ, നഗരൂർ, കിളിമാനൂർ, വെഞ്ഞാറമൂട് റോഡുകൾ സന്ധിക്കുന്ന ഇവിടെ സിഗ്നൽലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തനരഹിതമാണ്.
ഗതാഗതതടസം
ഇരുചക്ര വാഹനങ്ങളും കാറുകളും റോഡരികിൽ പാർക്ക് ചെയ്ത് ബസുകളിൽ ജോലി സ്ഥലത്തേക്ക് പോകുന്നവർ അനവധിയാണ്. ഇത്തരം അനധികൃത പാർക്കിംഗും ഗതാഗത തടസമുണ്ടാക്കുന്നു. രാത്രികാലമായാൽ ഇവിടെ വെളിച്ചവും ഇല്ല. റോഡരികിലെ അനധികൃത മീൻകച്ചവടം കൂടിയാകുമ്പോൾ കാരേറ്റ് ജംഗ്ഷനിൽ കാൽനടക്കാർക്കു പോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
വെള്ളക്കെട്ട് പതിവ്
മഴ പെയ്താൽ കാരേറ്റ് മുതൽ വാമനപുരം പാലം വരെ വെള്ളക്കെട്ടാണ്. ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെ ഓടകളിലൂടെ ഒഴുകേണ്ട വെളളം റോഡുകളിലൂടെ പാഞ്ഞ് റോഡുകൾ തോടായി മാറി. ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് കാരേറ്റ്-കല്ലറ റോഡ് പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ അത് നിലച്ചു. ഇതുമൂലം ഇതുവഴി ഒലിച്ചുവരുന്ന വെള്ളവും കാരേറ്റ് ജംഗ്ഷനിലെത്തുന്നു. ഇതോടെ ഇവിടം വെള്ളത്തിനടിയിലാകുന്നു.