വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് ചാവടിമുക്കിനും ബംഗ്ലാവിൽമുക്കിനും സമീപത്തുളള ഇരുപതോളം കിണറുകളിലെ വെളളത്തിന് നിറവ്യത്യാസവും ഗന്ധവുമുളളതായി നാട്ടുകാർ. കുടിവെളള സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയതിൽ അസിഡിറ്റി കൂടുതലുളളതായി കണ്ടെത്തിയതായി കാണിച്ച് പാലനിന്നപൊയ്ക റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തി ന് പരാതി നൽകി. ജലമലിനീകരണത്തിന് കാരണം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കുടിവെളളത്തിന് ബദൽസംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് അയിരൂർ അനിൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി രാജു, ട്രഷറർ രാഹുൽജിത്ത്,ജോയിന്റ് സെക്രട്ടറി സുനോജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ദർശൻ,ടീന,നീതു എന്നിവർ സംസാരിച്ചു.ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രദേശത്തെ കിണറുകളിലെ വെളളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം വന്നശേഷം കാരണം കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ പറഞ്ഞു.