p

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ സ്‌കാനിംഗ് യന്ത്രങ്ങളുണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ വൈദഗ്ദ്ധ്യമുള്ള ഡോക്ടർമാരില്ലെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.

ആലപ്പുഴ കടപ്പുറം ആശുപത്രിയിൽ ഗുരുതരമായ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന്റെയും അടിസ്ഥാനകാരണമിതാണ്. എം.ബി.ബി.എസിനുശേഷം മൂന്നുവർഷം റേഡിയോ ഡയഗ്‌നോസിസിൽ ഉപരിപഠനം നടത്തിയ ഡോക്ടർമാരാണ് ആധികാരികമായി സ്‌കാനിംഗ് നടത്തി വിശകലനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. അതിൽ ഗൈനക്കോളജിസ്റ്റുകൾക്ക് വൈദഗ്ദ്ധ്യവുമില്ല അത് അവരുടെ ഉത്തരവാദിത്തവുമല്ലെന്ന്

പ്രസിഡന്റ് ഡോ.ടി.എൻ.സുരേഷും ജനറൽ സെക്രട്ടറി ഡോ.സുനിൽ.പി.കെയും പറഞ്ഞു.

ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്താൻ ചെയ്യേണ്ട ലെവൽ 2 അൾട്രാസൗണ്ട് സ്‌കാനിംഗ് നടത്തേണ്ടത് ഫീറ്റൽ മെഡിസിനിൽ പരിശീലനം സിദ്ധിച്ച ഗൈനക്കോളജിസ്റ്റുമാരോ റേഡിയോ ഡയഗ്‌നോസ്റ്റീഷ്യൻമാരോ ആണ്. സർക്കാർ മേഖലയിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ മാത്രമാണ് ഫീറ്റൽ മെഡിസിൻ വിഭാഗമുള്ളത്.

പ്രസവാശുപത്രികളിൽ റേഡിയോ ഡയഗ്നോസിസ് വിദഗ്ദ്ധന്റെ പൂർണ്ണ സമയ പോസ്റ്റ് സൃഷ്ടിച്ച് ഡോക്ടറെ നിയമിച്ചാലേ പ്രശ്ന പരിഹാരമാകൂവെന്നും കെ.എം.ഒ.എ ചൂണ്ടിക്കാട്ടി.

കൂട്ടിക്കെട്ടിയത് വിനയായി!

ആരോഗ്യ വകുപ്പിൽ എം.ആർ.ഐ, സി.ടി, യു.എസ്.എസ് സ്‌കാൻ ചെയ്യുന്ന റേഡിയോ ഡയഗ്‌നോസിസ് വിഭാഗവും അർബുദ ചികിത്സയിൽ റേഡിയേഷൻ കീമോതെറാപ്പി പരിശീലനം നേടിയ റേഡിയോ തെറാപ്പി വിഭാഗവും ഒറ്റ സ്‌പെഷ്യാലിറ്റിയായി കണക്കാക്കിയതും ഡോക്ടർമാർ നേരിടുന്ന വെല്ലുവിളിയാണ്. ഇതിനാൽ സി.ടി സ്കാൻ ചെയ്യുന്ന ഡോക്ടർ സ്ഥലം മാറ്റം ലഭിച്ച് അടുത്ത ആശുപത്രിയിൽ എത്തുമ്പോൾ അവിടെ സി.ടി ഉപകരണത്തിനു പകരം അർബുദ ചികിത്സക്ക് റേഡിയേഷൻ നൽകുന്ന ഉപകരണങ്ങളാകും. ഇതോടെ ഉപകരണം പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്