10 ദിവസം നീളുന്ന മഹാമഹത്തിന് തുടക്കമായി
ശംഖുംമുഖം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശ്വാസികളുടെ പ്രാർത്ഥനാ മുഖരിതമായ തക്ബീർധ്വനികളുടെ അകമ്പടിയോടെ ബീമാപള്ളി ഉറൂസിന് കൊടിയേറി.ജമാഅത്ത് പ്രസിഡന്റ് എം.പി.അബ്ദുൾ അസീസും വൈസ് പ്രസിഡന്റ് എം.കെ.ബാദുഷയും പള്ളി മിനാരങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് കൊടിമരങ്ങളിലായി ഇരുവർണ്ണ ഉറൂസ് പതാക ഉയർത്തിയതോടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് മഹാമഹത്തിന് തുടക്കമായി.രാവിലെ 8ന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നിന്ന് പുറപ്പെട്ട പട്ടണ പ്രദക്ഷിണം ജോനക പൂന്തുറ, മാണിക്യവിളാകം വഴി ബീമാപള്ളിയിൽ തിരിച്ചത്തി.തുടർന്ന് ചീഫ് ഇമാം സെയ്യദ് നജുമുദീൻ പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ ദർഗ്ഗാ ഷെരീഫിൽ പ്രത്യേക പ്രാർത്ഥന നടന്നു.തുടർന്നാണ് ദുബായിൽ നിന്നെത്തിച്ച പ്രത്യേക ഉറൂസ് പതാക ഉയർത്തിയത്.
മന്ത്രി ജി.ആർ.അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, എം.വിൻസെന്റ്, മുൻമന്ത്രിമാരായ വി.എസ്.ശിവകുമാർ,വി.സുരേന്ദ്രൻ പിള്ള,കോൺഗ്രസ് നേതാവ് ശബരിനാഥ്,മുസ്ളിംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്,യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി തുടങ്ങിയവർ പങ്കെടുത്തു.
പത്ത് ദിവസവും വിവിധ മതപണ്ഡിതന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 8ന് സാംസ്കാരിക സമ്മേളനവും 9ന് വൈകിട്ട് 6.30ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രദേശവാസികളെ ആദരിക്കുന്ന പ്രതിഭാസംഗമവും നടത്തും.13ന് രാവിലെ 6ന് അന്നദാനത്തോടെ ഉറൂസ് മഹാമഹം അവസാനിക്കും.നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് ഇസ്ലാം മതപ്രചാരണാർത്ഥം കേരളത്തിലെത്തിയ ബീമാ ബീവിയും മകൻ മാഹിൻ അബൂബക്കറും ബീമാപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നതിന്റെ സ്മരണാർത്ഥമാണ് വർഷം തോറും ഉറൂസ് നടത്തുന്നത്.