1

വിഴിഞ്ഞം: വിഴിഞ്ഞം തീരദേശത്തെ പതിറ്റാണ്ടുകളായ മാലിന്യമല ഇനിയില്ല. കോട്ടപ്പുറം,വലിയ കടപ്പുറം എന്നിവ ഉൾപ്പെടുന്ന തീരദേശത്തെ മാലിന്യമലയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ബയോ മൈനിംഗ് പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ നേതൃത്വത്തിലാണ് വിഴിഞ്ഞത്ത് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മാനദണ്ഡങ്ങൾ പ്രകാരം തരംതിരിച്ച് പ്രദേശത്തു നിന്നും പൂർണമായും മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് തുടങ്ങിയത്.

വിവിധ കേന്ദ്രങ്ങളിലായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പതിനായിരത്തോളം ക്യുബിക് മീറ്റർ മാലിന്യമാണ് ബയോമൈനിംഗ് പ്രക്രിയയിലൂടെ ഒഴിവാക്കുന്നത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് ബയോമൈനിംഗ് പ്രക്രിയയുടെ ചുമതല. കേരളത്തിൽ ആദ്യമായി മൂന്നാർ ഗ്രാമപഞ്ചായത്തിലെയും പിന്നീട് തൃശ്ശൂർ കോർപ്പറേഷൻ (ലാലൂർ) കൊടുങ്ങല്ലൂർ നഗരസഭ മുതലായ സ്ഥലങ്ങളിലെ ലെഗസി മാലിന്യം സംസ്കരിച്ച ഏജൻസിയാണ് സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ.

ഇന്ധനമായി ഉപയോഗിക്കുന്ന രീതി

തരംതിരിച്ച മാലിന്യങ്ങളിൽ നിന്നും ജ്വലന ശേഷിയുള്ള ഇനങ്ങളെ ആർ.ഡി.എഫ് ആക്കി മാറ്റി തമിഴ്നാട്ടിലെ സിമന്റ് കമ്പനികളുടെ ചൂളകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന രീതിയിൽ സംസ്കരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. മാലിന്യങ്ങൾ ഉണക്കിയ ശേഷം പ്ലാന്റിലെത്തിച്ച് തരം തിരിച്ചാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കത്തുന്ന വസ്തുക്കൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

പ്ലാന്റ് ഉടൻ സ്ഥാപിക്കും

മാലിന്യം വേർതിരിക്കുന്നതിനുള്ള പ്ലാന്റ് ഉടൻ സ്ഥാപിക്കും. 6 മാസമാണ് കാലാവധി.മാലിന്യങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ നീക്കംചെയ്യുന്ന ജോലികൾ ആരംഭിച്ചു. അതേസമയം ഇവ നിക്ഷേപിക്കുന്ന സ്ഥലത്തുതന്നെ നിരത്തി ഉണക്കുന്നതിനുള്ള ജോലികളും നടക്കുകയാണ്. മാലിന്യങ്ങൾ അണുവിമുക്തമായാണ് സൂക്ഷിക്കുന്നത്.അതിനാൽ പരിസര പ്രദേശങ്ങളിൽ ദുർഗന്ധം ഉണ്ടാകുന്നില്ല.

ഇവിടെയെത്തിക്കുന്ന മാലിന്യം പ്ലാന്റിലെ യന്ത്രത്തിലൂടെ കടത്തിവിട്ട് പ്ലാസ്റ്റിക്, മണ്ണ്, മറ്റ് ഖരവസ്തുക്കൾ എന്നിവയായി വേർതിരിക്കുന്നതാണ് പദ്ധതി.