തിരുവനന്തപുരം: ട്രിവാൻഡ്രം ക്ളബ്ബ് സ്ഥിതി ചെയ്യുന്ന സ്ഥലം തിരിച്ചുപിടിക്കാനുള്ള സർക്കാർ ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികൾ ആലോചിക്കുമെന്ന് ക്ളബ്ബ് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് നിയമനടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന ക്ളബ്ബ് ഭരണസമിതിയോഗം തീരുമാനിച്ചു.
നൂറ് വർഷത്തിലേറെയായി ക്ളബ്ബ് പ്രവർത്തിക്കുന്ന സ്ഥലമാണ് ഇത്. അന്ന് മുതൽ ഭൂമിയുടെ കരം റവന്യൂവകുപ്പ് സ്വീകരിക്കുന്നുമുണ്ട്. സ്ഥലത്തിന്റെ പ്രാരംഭകാലം മുതലുള്ള ചില രേഖകൾക്ക് വേണ്ടി ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകിയെങ്കിലും അത് ലഭ്യമായിട്ടില്ല. കരം ഒടുക്കുന്ന ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കുന്നതടക്കമുള്ള നടപടികളുടെ വിശദവിരങ്ങൾ ഉത്തരവ് കിട്ടിയ ശേഷമേ വ്യക്തമാവൂ എന്നും സെക്രട്ടറി ഡി.സന്തോഷ് പറഞ്ഞു.
ട്രിവാൻഡ്രം ക്ളബ് നിൽക്കുന്ന വഴുതക്കാട്ടെ സ്ഥലം തിരിച്ചുപിടിക്കാൻ തിങ്കളാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്.