തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നപ്പോൾ പലരിൽ നിന്നും പണം വാങ്ങിയെന്ന് ആരോപണമുന്നയിച്ച മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി വക്കീൽ നോട്ടീസ് അയക്കും. വ്യക്തി അധിക്ഷേപം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി വേണമെന്ന ജോയിയുടെ ആവശ്യം പാർട്ടി അംഗീകരിച്ചതോടെയാണിത്. രണ്ടു ദിവസത്തിനകം വക്കീൽ നോട്ടീസ് അയക്കുമെന്ന് വി.ജോയി 'കേരളകൗമുദി' യോട് പറഞ്ഞു.

രണ്ടു ദിവസം മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ജോയിക്കെതിരെ മധു മുല്ലശേരി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞദിവസം മാദ്ധ്യമങ്ങൾ വീണ്ടും ചോദിച്ചപ്പോൾ 'തനിക്ക് നേരിട്ട് ബോദ്ധ്യമില്ലെന്നും ജനങ്ങൾ പറയുന്നതാണെന്നും' പറഞ്ഞ് ഒഴിയാൻ ശ്രമിച്ചിരുന്നു എന്നാൽ ആരോപണം ഗൗരവമായി കണ്ടാണ് പാർട്ടി നേതൃത്വം നിയമ നടപടിക്ക് അനുമതി നൽകിയത്.

പാർട്ടിക്ക് ഒട്ടും യോജിക്കാത്തതും പാർട്ടിമൂല്യങ്ങൾ സംരക്ഷിക്കാത്തതുമായ പ്രവർത്തനമാണ് കുറേനാളുകളായി മധുമുല്ലശേരി ചെയ്തിരുന്നതെന്ന് വി.ജോയി പറഞ്ഞു. പാർട്ടിയെ പൊതുസമൂഹത്തിൽ മോശപ്പെടുത്തുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയിട്ടുള്ള വലിയ പരിശ്രമമാണ് മധുചെയ്തത്.
മധു ഏതെങ്കിലും പാർട്ടിയിൽ ചേരുന്നത് സി.പി.എമ്മിനെ ബാധിക്കില്ല. ഇയാൾ കുറച്ചുകാലമായി ബി.ജെ.പിയുമായി അടുത്ത് ഇടപഴകി വരികയായിരുന്നുവെന്നാണ് മനസിലാകുന്നത് . ആ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചത്. അത് ശരിയാണെന്ന് ഇപ്പോൾ ബോദ്ധ്യപ്പെട്ടെന്നും വി.ജോയി പറഞ്ഞു.



മധുവിന്റെ മകൻ മിഥുനും പുറത്ത്

ഡി.വൈ.എഫ്.ഐ മംഗലപുരം ബ്ലോക്ക് കമ്മിറ്റി അംഗം മിഥുൻ മുല്ലശേരിയെ ഡി.വൈ.എഫ്.ഐ യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാൻ അറിയിച്ചു. വർഗീയ ശക്തികളുമായി സഹകരിക്കാനുള്ള നിലപാടിനെതിരെയാണ് നടപടി.