photo

നെടുമങ്ങാട്: അച്ഛനെ കൃഷിപ്പണികളിൽ സഹായിക്കാൻ ഓട്ടോമാറ്റിക് യന്ത്രം തയ്യാറാക്കി മകൻ. കളത്തറ എസ്.എൽ ഭവനിൽ ചന്ദ്രകുമാറിന്റെയും റീജയുടെയും മകൻ പ്ലസ് വൺ വിദ്യാർത്ഥിയായ സിജോ ചന്ദ്രനാണ് മൾട്ടിഫാം ബോട്ട് മാതൃകയിൽ യന്ത്രമൊരുക്കി കൈയടി നേടുന്നത്. കാർഷിക വൃത്തിയിലൂടെ കുടുംബം പുലർത്തുന്ന പിതാവിന്റെ കഷ്ടപ്പാടുകൾ സിജോ ചന്ദ്രൻ കാണുന്നുണ്ട്. അവധി ദിവസങ്ങളിൽ സിജോയും അനുജൻ എട്ടാം ക്ലാസ് വിദ്യാർത്ഥി ലിജോ ചന്ദ്രനും പിതാവിന് സഹായമായെത്താറുമുണ്ട്.

വാഴ,പച്ചക്കറി കൃഷികൾ ചെയ്യുന്നതിനാൽ ചെറുകുഴികൾ കുത്തിയും പച്ചക്കറി കൃഷിയിറക്കിയും സഹായിക്കും.ജോലി ഭാരം കുറയ്ക്കുന്നതിന് ഓട്ടോമാറ്റിക് യന്ത്രം തയ്യാറാക്കാനുള്ള ആശയം അങ്ങനെയാണ് മനസിൽ തെളിഞ്ഞത്. യൂട്യൂബിൽ ആർഡിനോ കോഡിംഗ് പഠിച്ച് ട്യൂട്ടോറിയൽ മനസിലാക്കി പിതാവിനോട് പറഞ്ഞ് ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിച്ചു. ആദ്യം ചെറിയ മോഡൽ ഉണ്ടാക്കി. പീന്നീട് വലിയ കംപോണന്റ് വാങ്ങി.

ആർഡിനോ യു.എൻ.ഒ ബോർഡ് സ്ഥാപിച്ചെങ്കിലും പരാജയപ്പെട്ടു. ആർഡിനോ മെഗാ വാങ്ങിയതോടെ ശ്രമം വിജയിച്ചു. കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് സ്വയം കുഴിയെടുത്ത് വിത്ത് മൂടും, വിത്ത് നട്ട സ്ഥലങ്ങളിൽ വെള്ളം നനച്ച് കൊടുക്കും. വഴിയിൽ തടസമുണ്ടായാൽ സ്വയം തിരിച്ചറിഞ്ഞ് ഒഴിവാക്കും.

ഓട്ടോമാറ്റികായി പ്രവർത്തിക്കുന്ന യന്ത്രത്തിനെ മൊബൈലിലൂടെ മാനുവലായും നിയന്ത്രിക്കാം. ഓട്ടോമാറ്റിക് ഹൺഡ്രഡ് എന്ന് പറഞ്ഞാൽ 100 കുഴി എടുക്കും. ഒരു കുഴി മതിയെങ്കിൽ അതുപോലെ കേൾക്കും. അങ്ങനെ ആഗ്രഹമായിരുന്ന മൾട്ടിഫാം ബോട്ട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. സിജോചന്ദ്രൻ താൻ പഠിക്കുന്ന അരുവിക്കര ജി.എച്ച്.എസ് സ്കൂളിലും അവതരിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സബ് ജില്ലാ ശാസ്ത്ര മേളയിലും വർക്കിംഗ് മോഡൽ അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും ലഭിച്ചു. വിവിധ കോളേജുകളിൽ യന്ത്രം പ്രദർശിപ്പിക്കാൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. പ്രൊവിഡൻസ് കോളേജിലും ശ്രീബുദ്ധ കോളേജിലും ശാസ്ത്രമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി. ഇത്തരത്തിലുള്ള വലിയ പ്രോജക്ട് ചെയ്യാൻ തയ്യാറാണെന്നും വിവിധ കോളേജുകളിൽ നിന്നും ഓഫർ നൽകിയെന്നും സിജോ ചന്ദ്രൻ പറഞ്ഞു.