തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വാർഡ് വിഭജനത്തിൽ ഭൂവിസ്തൃതിയും ജനസംഖ്യയും കണക്കാക്കാതെ വീടുകളുടെ എണ്ണം മാത്രം കണക്കിലെടുത്ത് വിഭജനം നടത്തിയതോടെ കൂടുതൽ പരിക്കേറ്റത് സി.പി.ഐക്ക്. സ്ഥിരമായി മത്സരിക്കുന്ന 3 വാർഡുകൾ പൂർണമായി ഒഴിവാക്കുകയും രണ്ടു ടേമായി വിജയിക്കുന്ന വഴുതക്കാട് വാർഡ് വെട്ടിമുറിച്ച് സമീപത്തെ മറ്റ് രണ്ടു വാർഡുകളിലായി ചേർക്കുകയും ചെയ്തതോടെ കടുത്ത അതൃപ്തിയിലാണ് സി.പി.ഐ. ഡീ ലിമിറ്റേഷൻ കമ്മിറ്റി ഏകപക്ഷീയമായി നടത്തിയ വാർഡ് വിഭജനം കരടായി പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തങ്ങളുടെ അഭിപ്രായം ആരാഞ്ഞില്ലെന്ന അമർഷവും സി.പി.ഐക്കുണ്ട്. തങ്ങൾക്ക് നഷ്ടപ്പെട്ട വാർഡുകൾ പുനഃസ്ഥാപിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടർക്കും ഡീലിമിറ്റേഷൻ കമ്മിറ്റിക്കും സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് അതത് വാർഡ് കമ്മിറ്റികൾ ഇന്ന് പരാതി സമർപ്പിക്കും. ഇക്കാര്യത്തിൽ തങ്ങൾക്കുള്ള അമർഷം സി.പി.ഐ നേതൃത്വം സി.പി.എം നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി.സി.പി.ഐ തുടർച്ചയായി മത്സരിക്കുന്ന പി.ടി.പി നഗർ,ശംഖുംമുഖം,ശ്രീവരാഹം വാർഡുകളാണ് നിലവിൽ പൂർണമായി ഇല്ലാതായത്. നിലവിലെ വാർഡുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയും സമീപ വാർഡുകളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്തും പുതിയ വാർഡുകൾ രൂപീകരിച്ചതോടെ സിറ്റിംഗ് വാർഡുകൾ നഷ്ടമായ നിലയിലാണ് സി.പി.ഐ.

2000ലാണ് പി.ടി.പി നഗർ വാർഡ് രൂപീകരിച്ചത്. അന്നുമുതൽ തുടർച്ചയായി 3ടേം വിജയിച്ച് മുൻ ഡെപ്യൂട്ടിമേയർ കൂടിയായ ജി.ഹാപ്പികുമാർ ഹാട്രിക് വിജയം നേടിയിരുന്നു.വിമെൻസ് കോളേജും വഴുതക്കാട് ജംഗ്‌ഷനും കേന്ദ്രമായി ഉണ്ടായിരുന്ന വഴുതക്കാട് വാർഡിപ്പോൾ മൂന്ന് ഭാഗമായി വെട്ടിമുറിച്ച നിലയിലാണ്. പാളയം,തൈക്കാട് വാർഡുകളോടാണ് വഴുതക്കാട് ജംഗ്‌ഷന്റെ ഭാഗങ്ങൾ ചേർത്തിരിക്കുന്നത്. മുൻ ഡെപ്യൂട്ടി മേയർ കൂടിയായ രാഖി രവികുമാറാണ് കഴിഞ്ഞ രണ്ടു ടേമായി വാർഡിനെ പ്രതിനിധീകരിക്കുന്നത്. പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആറാം നമ്പർ ബൂത്തുൾപ്പെടുന്ന ഭാഗം മറ്റൊരു വാർഡിലേക്ക് വെട്ടിമാറ്റുകയും ചെയ്തു.ജനസംഖ്യ ശരാശരി 9500 എന്നനിലയിൽ കണക്കാക്കിയാണ് വാർഡ് വിഭജനം നടത്താൻ തീരുമാനിച്ചിരുന്നത്.എന്നാലിപ്പോൾ വഴുതക്കാട് വാർഡിൽ നിന്നും ജംഗ്‌ഷൻ ഉൾപ്പെടെ വെട്ടിമാറ്റി പാളയം വാർഡിനോട് കൂട്ടിച്ചേർത്തു. ഇപ്പോൾ അവിടത്തെ ജനസംഖ്യ 10,600 ആയി വർദ്ധിച്ചു. വഴുതക്കാട് വാർഡിലാകട്ടെ 9000ആയി കുറഞ്ഞു.സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളും കോളനി പ്രദേശങ്ങളുമടക്കമുള്ള മേഖലകളിൽ വീടുകളുടെ എണ്ണം കൃത്യമല്ലെന്ന വസ്തുത പരിഗണിക്കാതെ നടത്തിയ വാർഡ് വിഭജനമാണ് സി.പി.ഐക്ക് പരിക്കേൽക്കാൻ കാരണമായത്.