
ചെന്നൈ: ഓരോ വർഷവും കൊടുങ്കാറ്റും ദുരന്തവും വരുമ്പോൾ വാർഷിക ചടങ്ങുപോലെ ഒന്നോ രണ്ടോ ദിവസം ദുരിതബാധിതരിൽ ചിലരെ കാണുകയും ഫോട്ടോയെടുക്കുകയും ചെയ്തിട്ട് താത്കാലിക ആശ്വാസം നൽകി നാടുവിടുന്നതാണോ ഭരണാധികാരികൾക്കുള്ള കടമയെന്ന് നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്ര് സൃഷ്ടിച്ച ദുരിതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന.
സംഭവത്തിൽ വിജയ് മൗനം പാലിക്കുകയാണെന്ന ആരോപണം ശക്തമായതോടെയാണ് ഇന്നലെ രാത്രി രംഗത്തെത്തിയത്.
മഴയും വെള്ളപ്പൊക്കവും പോലുള്ള ദുരന്തങ്ങളിൽ ജനങ്ങളുടെ അടിസ്ഥാന സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രാഥമിക കടമ ഭരണാധികാരികൾ പൂർണമായും മറക്കുന്നു. ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. താത്കാലിക അന്ധമായ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്നു.
എന്ത് സംഭവിച്ചാലും, എപ്പോഴുമെന്നപോലെ, പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചും, എതിർക്കുന്നവരെ കാവി ചായം പൂശിയും, രക്ഷപ്പെടാനാണ് ഇപ്പോഴത്തെ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നും ഡി.എം.കെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കൾ സംഭാവന നൽകുകയും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തപ്പോഴും വിജയ് രംഗത്തിറങ്ങാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
ടി.വി.കെയുടെ ആദ്യ പൊതുസമ്മേളനം നടത്തിയ വിഴുപുരത്തും വൻ നാശനഷ്ടമാണുണ്ടായത്. വിമർശനം കടുത്തപ്പോഴാണ് വിജയ് തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയത്. ശേഷം പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിച്ച 250 പേർക്ക് അദ്ദേഹം ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു.